കോട്ടയം : കോട്ടയം മെഡിക്കൽ കോളേജിൽ കെട്ടിടം തകർന്ന് മരിച്ച ബിന്ദുവിന്റെ വീട് സന്ദർശിച്ച് ആരോഗ്യമന്ത്രി വീണ ജോർജ് . ബിന്ദുവിന്റെ കുടുംബത്തെ മന്ത്രി ആശ്വസിപ്പിച്ചു. ബിന്ദുവിന്റെ കുടുംബത്തോടൊപ്പമാണ് സർക്കാർ എന്നും മുഖ്യമന്ത്രി ഇതിനെക്കുറിച്ച് സംസാരിച്ചിരുന്നുവെന്നും മന്ത്രിസഭാ യോഗത്തിന് ശേഷം അത് പ്രഖ്യാപിക്കുമെന്നും മന്ത്രി പറഞ്ഞു. ഉചിതമായ തീരുമാനങ്ങൾ എടുക്കും. കുടുംബം ആവശ്യപ്പെടുന്ന എല്ലാ ആവശ്യങ്ങളിലും തീരുമാനമെടുക്കുമെന്നും മന്ത്രി വ്യക്തമാക്കി.
തന്റെ മകൾക്കും മകനും സ്ഥിരമായ ജോലി നൽകണമെന്ന് ബിന്ദുവിന്റെ ഭർത്താവ് വിശുഥൻ മന്ത്രി വീണ ജോർജിനോട് അഭ്യർത്ഥിച്ചു. മുഖ്യമന്ത്രിയോട് ഇക്കാര്യം സംസാരിച്ചിട്ടുണ്ടെന്നും ഉചിതമായ തീരുമാനം എടുക്കുമെന്നും മന്ത്രി മറുപടി നൽകി. ചികിത്സയ്ക്കായി പ്രത്യേക മെഡിക്കൽ ബോർഡ് രൂപീകരിച്ചിട്ടുണ്ടെന്നും തിങ്കളാഴ്ച തന്നെ ചികിത്സ ആരംഭിക്കുന്നതിനുള്ള ക്രമീകരണങ്ങൾ നടത്തുമെന്നും മന്ത്രി അറിയിച്ചു. തലയോലപ്പറമ്പിലെ ബിന്ദുവിന്റെ വീട് മന്ത്രി വി എൻ വാസവൻ കഴിഞ്ഞ ദിവസം സന്ദർശിച്ചിരുന്നു. ധനസഹായമായി 50,000 രൂപ കൈമാറി.
ബിന്ദുവിന്റെ മകളുടെ ശസ്ത്രക്രിയ അടുത്ത ദിവസം മെഡിക്കൽ കോളേജ് ആശുപത്രിയിൽ നടത്തുമെന്നും മുഴുവൻ ചെലവും സർക്കാർ വഹിക്കുമെന്നും അദ്ദേഹം അറിയിച്ചിരുന്നു. മകന് താൽക്കാലിക ജോലി ആശുപത്രി വികസന സമിതി നൽകും. ജില്ലാ കളക്ടറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ജൂലൈ 11 ന് നടക്കുന്ന മന്ത്രിസഭാ യോഗം കുടുംബത്തിന് ധനസഹായം പ്രഖ്യാപിക്കുമെന്നും മന്ത്രി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

