തിരുവനന്തപുരം : തിരഞ്ഞെടുപ്പിന് മുമ്പ് പൊതുജനാഭിപ്രായം മനസ്സിലാക്കുന്നതിനായി സർക്കാർ നവകേരള ക്ഷേമ സർവേ ആരംഭിക്കുന്നു. സംസ്ഥാനത്തെ 80 ലക്ഷം വീടുകൾ നേരിട്ട് സന്ദർശിച്ച് സർവേ നടത്താനാണ് സർക്കാരിന്റെ നീക്കം. മുഖ്യമന്ത്രിയുടെ ഓഫീസ് നേരിട്ട് സർവേ ഏകോപിപ്പിക്കുകയും വിലയിരുത്തുകയും ചെയ്യും.
സംസ്ഥാന സർക്കാരിന്റെ ക്ഷേമ പദ്ധതികൾ വിലയിരുത്തുക എന്നതാണ് സർവേയുടെ പ്രധാന ലക്ഷ്യം. സാക്ഷരതാ സർവേയുടെ മാതൃകയിൽ കോളേജ് വിദ്യാർത്ഥികളെ അയച്ച് വീടുവീടാന്തരം സഞ്ചരിച്ച് ഡാറ്റാ ശേഖരണം നടത്താനാണ് സർക്കാർ പദ്ധതി . ചീഫ് പ്രിൻസിപ്പൽ സെക്രട്ടറി കെ എം എബ്രഹാം ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരുടെ സംഘം സർവേയ്ക്കായി വിശദമായ മൊഡ്യൂൾ തയ്യാറാക്കിയിട്ടുണ്ട്.
തുടര്‍ഭരണം എന്ന പ്രഖ്യാപിത ലക്ഷ്യവുമായി മുന്നോട്ട് പോകുകയാണ് പിണറായി സര്‍ക്കാര്‍. ജനങ്ങളോട് നേരിട്ട് സംസാരിക്കാനും ജനഹിതം അറിയാനും സര്‍ക്കാര്‍ പദ്ധതികള്‍ നേരിട്ട് ജനങ്ങളിലേക്ക് എത്തിക്കാനും സിഎം വിത്ത് മി അടക്കം വിപുലമായ പരിപാടികള്‍ സര്‍ക്കാര്‍ നടപ്പാക്കിയിട്ടുണ്ട്.

