കണ്ണൂർ: കുപ്രസിദ്ധ കുറ്റവാളി ഗോവിന്ദച്ചാമി കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് രക്ഷപെട്ടത് ആരുടെയും സഹായമില്ലാതെയാണെന്ന് ജയിൽ ഡിഐജിയുടെ അന്വേഷണ റിപ്പോർട്ട്. രക്ഷപ്പെടാൻ സഹായിച്ച ജീവനക്കാരുടെയോ സഹതടവുകാരുടെയോ തെളിവുകൾ ഇല്ല. സെല്ലിൽ നിന്ന് കണ്ടെത്തിയ തുണിയെക്കുറിച്ച് ആശയക്കുഴപ്പമുണ്ട്. ഗോവിന്ദച്ചാമിയുടെ ഇടതുകൈ വളരെ ശക്തമാണ്. സെല്ലിലെ ഇരുമ്പ് കമ്പികൾ മുറിക്കുന്നത് സംബന്ധിച്ച് ശാസ്ത്രീയ പരിശോധന നടത്തണമെന്ന് റിപ്പോർട്ടിൽ ശുപാർശ ചെയ്തിട്ടുണ്ട്.
മാസങ്ങൾ നീണ്ട ആസൂത്രണത്തിന് ശേഷമാണ് ഗോവിന്ദച്ചാമി ജയിലിൽ നിന്ന് രക്ഷപ്പെട്ടത് . സെല്ലിന്റെ ഇരുമ്പ് ദണ്ഡുകൾ മുറിക്കാൻ ഏകദേശം 28 ദിവസമെടുത്തതായി റിപ്പോർട്ടുണ്ട്. ജയിലിൽ നിന്ന് രക്ഷപ്പെട്ട ഗോവിന്ദച്ചാമിക്കായി പോലീസ് വിപുലമായ തിരച്ചിൽ ആരംഭിച്ചിരുന്നു. നാട്ടുകാരിൽ നിന്നുള്ള വിവരമനുസരിച്ച്, തളാപ്പിലെ ഒരു ആളൊഴിഞ്ഞ കെട്ടിടത്തിന് സമീപമുള്ള കിണറ്റിൽ നിന്നാണ് ഗോവിന്ദച്ചാമിയെ പിടികൂടിയത്. പിന്നീട് ഗോവിന്ദച്ചാമിയെ ഉയർന്ന സുരക്ഷയുള്ള വിയ്യൂർ ജയിലിലേക്ക് മാറ്റി.
ഗോവിന്ദച്ചാമി ജയിൽ ചാടുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. സെല്ലിലെ ഇരുമ്പ് കമ്പിയുടെ അടിഭാഗം മുറിച്ച് അതിലൂടെയാണ് ഇയാൾ പുറത്ത് വന്നത് . സെല്ലിൽ നിന്ന് പുറത്തിറങ്ങിയ ശേഷം വസ്ത്രങ്ങൾ ഉൾപ്പെടെയുള്ള ചില വസ്തുക്കൾ എടുക്കുന്നതും കാണാം.
കണ്ണൂർ ടൗൺ ഇൻസ്പെക്ടർ ശ്രീജിത്ത് കൊടേരിയുടെ നേതൃത്വത്തിലുള്ള സംഘം ജയിൽ അധികൃതരുടെയും സഹതടവുകാരുടെയും മൊഴികൾ രേഖപ്പെടുത്തിയിരുന്നു. ഗോവിന്ദച്ചാമിയെ പാർപ്പിച്ച ബ്ലോക്ക് നമ്പർ 10 ലെ തടവുകാരുടെ മൊഴികൾ രേഖപ്പെടുത്തിയിട്ടുണ്ട്. ജയിൽ വകുപ്പിന്റെ ആഭ്യന്തര അന്വേഷണവും പൂർത്തിയായി. ഉത്തരമേഖല ഡിഐജി വി ജയകുമാറാണ് അന്വേഷണം നടത്തിയത് . സംഭവത്തിൽ മൂന്ന് പോലീസ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു. ഒരാൾക്കെതിരെ നടപടിക്ക് ശുപാർശ ചെയ്തിട്ടുണ്ട്.

