കണ്ണൂർ: അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണത്തിന് ഉത്തരവാദികളായ കോളേജ് അധികൃതർക്കെതിരെ കർശന നടപടി സ്വീകരിക്കാൻ ഉത്തരവിട്ട് ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ . ചാൻസലർ കൂടിയായ ഗവർണർ കേരള ആരോഗ്യ ശാസ്ത്ര സർവകലാശാല വൈസ് ചാൻസലർ മോഹനൻ കുന്നുമ്മലിനാണ് നിർദേശം നൽകിയത്.
വിസി മോഹനൻ കുന്നുമ്മൽ ഗവർണറെ കണ്ട് പ്രാഥമിക റിപ്പോർട്ട് സമർപ്പിച്ചു. ആരോഗ്യ സർവകലാശാല അന്വേഷണ സമിതി നാളെ കോളേജിൽ നിന്ന് തെളിവുകൾ ശേഖരിക്കും. വിദ്യാർത്ഥികളുടെ മൊഴി എടുക്കുമെന്നാണ് റിപ്പോർട്ട്. സർവകലാശാല ഗവേണിംഗ് കൗൺസിൽ അംഗം മേജർ ജനറൽ അജിത് നീലകണ്ഠനാണ് അന്വേഷണത്തിന് നേതൃത്വം നൽകുന്നത്.
തിരുവനന്തപുരം നെടുമങ്ങാട് സ്വദേശിയായ നിതിൻ രാജ് അഞ്ചരക്കണ്ടി ഡെന്റൽ കോളേജിൽ ഒന്നാം വർഷ വിദ്യാർത്ഥിയായിരുന്നു. കോളേജ് കെട്ടിടത്തിൽ നിന്ന് വീണ നിലയിലാണ് നിതിനെ കണ്ടെത്തിയത്. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അതേസമയം, നിതിൻ രാജിന്റെ മരണത്തിൽ ആരോപണവിധേയനായ അധ്യാപകൻ ഡോ. എസ്.കെ. റാമിനെ പുറത്താക്കാൻ കോളേജ് മാനേജ്മെന്റ് യോഗം തീരുമാനിച്ചു. നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ഉടൻ തന്നെ ഓറൽ പാത്തോളജി വിഭാഗം മേധാവി റാമിനെ പുറത്താക്കും. തീരുമാനം ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല.

