ജറുസലേം: തെക്കൻ ലെബനനിൽ ഇസ്രായേൽ വ്യോമാക്രമണം. റോക്കറ്റ് ലോഞ്ചർ ആക്രമത്തിൽ ഹിസ്ബുള്ള തീവ്രവാദികളെ വധിച്ചതായി ഇസ്രായേൽ അറിയിച്ചു. യുഎസ്- ഇറാൻ സമാധാന കരാറിൽ ഒപ്പുവച്ചതിന് തൊട്ടുപിന്നാലെയാണ് പുതിയ ആക്രമണം. ഇതോടെ ഇസ്രായേലും ലെബനനും തമ്മിലുള്ള സംഘർഷങ്ങൾ അവസാനിക്കുമെന്ന പ്രതീക്ഷയും അസ്തമിച്ചു.
റോക്കറ്റ് പ്രൊപ്പൽഡ് ഗ്രനേഡുകൾ കൈവശം വച്ച ഹിസ്ബുള്ള തീവ്രവാദികളെയാണ് വധിച്ചതെന്ന് ഇസ്രായേൽ സൈന്യം പറയുന്നു. തെക്കൻ ലെബനനിലെ നബതിഹ് പ്രദേശത്ത് റോക്കറ്റ് ലോഞ്ചറും നശിപ്പിച്ചു. ലോഞ്ചർ തങ്ങളുടെ സൈനികർക്ക് ഭീഷണിയാണെന്നും തീവ്രവാദികൾ ഉപയോഗിക്കുന്ന ആയുധങ്ങളെ ലക്ഷ്യം വച്ചാണ് ആക്രമണം നടത്തിയതെന്നും ഇസ്രായേൽ പറഞ്ഞു.
“തെക്കൻ ലെബനനിലെ ഡീർ സെരിയാൻ, തായ്ബെ എന്നീ പട്ടണങ്ങളുടെ പ്രാന്തപ്രദേശങ്ങൾ ലക്ഷ്യമിട്ട് ഇസ്രായേലി യുദ്ധവിമാനം വ്യോമാക്രമണം നടത്തി,”എന്നാണ് ലെബനന്റെ സ്റ്റേറ്റ് നാഷണൽ ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തത്.
ഇടക്കാല വെടിനിർത്തലിന്റെ വ്യക്തമായ ലംഘനമാണിതെന്ന് വിശേഷിപ്പിച്ച് ഇറാൻ ഇസ്രായേൽ ആക്രമണങ്ങളെ അപലപിച്ചു. നയതന്ത്ര ചർച്ചകൾ തുടരുന്നതിനിടെ മേഖലയെ സുസ്ഥിരമാക്കാനുള്ള ശ്രമങ്ങളെ ഇസ്രായേൽ ദുർബലപ്പെടുത്തുകയാണെന്നും ഇറാൻ ആരോപിച്ചു.
യുഎസ് – ഇറാൻ സമാധാന കരാറിനെ ഹിസ്ബുള്ള നിരസിച്ചിരുന്നു . ഗ്രൂപ്പിന്റെ നേതാവ് നയിം ഖാസിം ഈ കരാർ “അപമാനകരവും ലജ്ജാകരവും പരമാധികാരത്തിന്റെ കീഴടങ്ങലും” എന്ന് പറഞ്ഞാണ് തള്ളിക്കളഞ്ഞത് . ഈ കരാർ ആത്യന്തികമായി തെക്കൻ ലെബനന്റെ ചില ഭാഗങ്ങളിൽ ഇസ്രായേലിന്റെ നിയന്ത്രണത്തിന് വഴിയൊരുക്കുമെന്നും നയിം ഖാസിം പറഞ്ഞു.
യുഎസ് മധ്യസ്ഥതയിലുള്ള കരാറിനെ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു നേരത്തെ സ്വാഗതം ചെയ്തിരുന്നു, ഇറാനെയും ഹിസ്ബുള്ളയെയും ദുർബലപ്പെടുത്തിയ ചരിത്രപരമായ നേട്ടമാണിതെന്നും വിശേഷിപ്പിച്ചിരുന്നു. എന്നാൽ ഹിസ്ബുള്ള ആയുധങ്ങൾ കൈവശം വയ്ക്കുന്നത് തുടരുന്നിടത്തോളം കാലം ഇസ്രായേൽ സൈന്യം ലെബനന്റെ ചില ഭാഗങ്ങളിൽ തുടരുമെന്ന് ഇസ്രായേൽ പ്രതിരോധ മന്ത്രി ഇസ്രായേൽ കാറ്റ്സ് വ്യക്തമാക്കിയിരുന്നു.

