ന്യൂഡൽഹി : മെഡിക്കൽ ഉപകരണങ്ങളുടെ വിതരണവുമായി ബന്ധപ്പെട്ട് കോടിക്കണക്കിന് രൂപയുടെ വെട്ടിപ്പ് നടത്തിയ കേസിൽ മുൻ ഡയറക്ടർ ജനറൽ ഓഫ് ഹെൽത്ത് സർവീസസ് (ഡിജിഎച്ച്എസ്) ഡോ. വത്സല അഗർവാളിനെ ആന്റി കറപ്ഷൻ ബ്രാഞ്ച് അറസ്റ്റ് ചെയ്തു.
മരുന്നുകൾ, മെഡിക്കൽ ഉപകരണങ്ങൾ, ശസ്ത്രക്രിയാ സാമഗ്രികൾ എന്നിവ വാങ്ങിയതുമായി ബന്ധപ്പെട്ട് കോടിക്കണക്കിന് രൂപയുടെ അഴിമതി നടന്നതായി കണ്ടെത്തിയിരുന്നു. കേസിൽ ഡോ. വിജയ് കുമാർ രംഗയെ കസ്റ്റഡിയിലെടുത്തതിന് തൊട്ടുപിന്നാലെയാണ് വത്സല അഗർവാളിന്റെ അറസ്റ്റ്. രംഗയെ ഡൽഹി കോടതി നാല് ദിവസത്തെ പോലീസ് കസ്റ്റഡിയിൽ വിട്ടു.
ഡിജിഎച്ച്എസിന് കീഴിൽ പ്രവർത്തിക്കുന്ന സെൻട്രൽ പ്രൊക്യുർമെന്റ് ഏജൻസി നടത്തിയ സംഭരണങ്ങളിലെ സാമ്പത്തിക ക്രമക്കേടുകളെക്കുറിച്ചാണ് അന്വേഷണം നടക്കുന്നത്. നടപടിക്രമങ്ങളിലും സാമ്പത്തിക ഇടപാടുകളിലും സംശയാസ്പദമായ നീക്കങ്ങൾ വിജിലൻസ് ഡയറക്ടറേറ്റ് കണ്ടെത്തിയതിനെ തുടർന്നാണ് അന്വേഷണം ആരംഭിച്ചത്.
പോർട്ടബിൾ എക്സ്-റേ മെഷീനുകൾ, സി-ആം റേഡിയോളജിക്കൽ ഉപകരണങ്ങൾ, അനസ്തേഷ്യ വർക്ക്സ്റ്റേഷനുകൾ, ബെഡ് ഷീറ്റുകൾ, ലിനൻ, ഓറൽ റീഹൈഡ്രേഷൻ സൊല്യൂഷൻ (ഒആർഎസ്), മരുന്നുകൾ, ശസ്ത്രക്രിയാ ഉപഭോഗവസ്തുക്കൾ എന്നിവയുൾപ്പെടെ നിരവധി മെഡിക്കൽ ഇനങ്ങൾ ഗണ്യമായി ഉയർന്ന വിലയ്ക്ക് വാങ്ങിയതായി എസിബി ആരോപിക്കുന്നു
തിരഞ്ഞെടുത്ത വെണ്ടർമാർക്ക് അനുകൂലമായി, ടെൻഡർ സ്പെസിഫിക്കേഷനുകൾ രൂപപ്പെടുത്തി, യോഗ്യരായ മറ്റ് ലേലക്കാരെ പ്രക്രിയയിൽ നിന്ന് മാറ്റി നിർത്തി, സംഭരണ നിയമങ്ങൾ കൃത്രിമമായി രൂപപ്പെടുത്തിയതായി അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നു. ഇതുവഴി പൊതു ഖജനാവിന് നൂറുകണക്കിന് കോടി രൂപയുടെ നഷ്ടമുണ്ടാക്കിയതായും ആന്റി കറപ്ഷൻ ബ്രാഞ്ച് പറയുന്നു.
റിപ്പോർട്ടുകളുറെ അടിസ്ഥാനത്തിൽ, അഴിമതി നിരോധന നിയമത്തിലെയും ഭാരതീയ ന്യായ സംഹിതയിലെ ക്രിമിനൽ ഗൂഢാലോചന വകുപ്പുകളിലെയും വ്യവസ്ഥകൾ പ്രകാരം ജൂൺ 2 ന് എസിബി എഫ്ഐആർ രജിസ്റ്റർ ചെയ്തു. ടെൻഡർ രേഖകൾ, അനുബന്ധ രേഖകൾ എന്നിവയും പരിശോധിക്കുന്നുണ്ട്. ഇക്കഴിഞ്ഞ മെയ് മാസത്തിലാണ് വത്സല അഗർവാളിനെ ഡിജിഎച്ച്എസ് തസ്തികയിൽ നിന്ന് നീക്കം ചെയ്തത്.

