കൊച്ചി: ശബരിമല സ്വർണ്ണപ്പാളി കേസിൽ ദേവസ്വം വിജിലൻസ് റിപ്പോർട്ട് ഹൈക്കോടതിയിൽ സമർപ്പിച്ചു.ശബരിമലയിൽ നിന്ന് ഇളക്കിമാറ്റിയ സ്വർണ്ണപ്പാളികൾ ശനിദോഷം മാറാനും , ഐശ്വര്യത്തിനായുമായും കോടിക്കണക്കിന് രൂപക്ക് ബെംഗളൂരുവിൽ വിറ്റഴിച്ചുവെന്നാണ് വിജിലൻസ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നതെന്നാണ് വിവരം. ഹൈക്കോടതി ദേവസ്വം ബെഞ്ചാണ് റിപ്പോർട്ട് പരിശോധിക്കുന്നത്.
വിജിലൻസ് എസ്പി സുനിൽകുമാറാണ് ശബരിമല സ്വർണ്ണപ്പാളിക്കേസുമായി ബന്ധപ്പെട്ട വിജിലൻസ് അന്വേഷണ റിപ്പോർട്ട് ഹൈക്കോടതിയ്ക്ക് കൈമാറിയത് . കേസ് അന്വേഷണവുമായി ബന്ധപ്പെട്ട് സുപ്രധാന വിവരങ്ങളാണ് വിജിലൻസ് റിപ്പോർട്ടിലുള്ളത് .മൂന്നാമതായാണ് കേസ് ലിസ്റ്റ് ചെയ്തിരുന്നതെങ്കിലും ആദ്യത്തെ ഐറ്റമായി തന്നെ കേസ് പരിഗണിക്കുകയായിരുന്നു. പ്രത്യേക അന്വേഷണ സംഘത്തിൽ നിന്നും എസ്പി ശശിധരനും കോടതിയിൽ ഹാജരായിട്ടുണ്ട്.
അതേസമയം ശബരിമലയിലെ യോഗദണ്ഡ് സ്വർണ്ണം പൂശിയതിലും ദുരൂഹത . മുൻ ദേവസ്വം പ്രസിഡന്റ് എ പദ്മകുമാറിന്റെ മകൻ ജയശങ്കർ പദ്മനാഭനാണ് അറ്റക്കുറ്റപ്പണിയ്ക്ക് ചുമതല നൽകിയത് . തന്ത്രിയുടെ നിർദേശപ്രകാരമാണ് അറ്റകുറ്റപ്പണി നടത്തിയതെന്ന് പദ്മകുമാർ പറയുന്നു.ആര് ചെയ്യും എന്ന് തന്ത്രി ചോദിച്ചപ്പോൾ മകൻ അത് ഏറ്റെടുക്കുകയായിരുന്നുവെന്നും, പുറത്ത്കൊണ്ടുപോകാതെയാണ് അറ്റകുറ്റപ്പണി നടത്തിയതെന്നുമാണ് വിശദീകരണം.യോഗ ദണ്ഡ് സ്വർണ്ണം പൂശിയതില്‍ ഹൈക്കോടതി അനുമതി ഉണ്ടോ എന്നതിൽ സംശയം ഉയരുകയാണ്.

