തിരുവനന്തപുരം : സംസ്ഥാനത്ത് വീണ്ടും അവയവദാനം. തിരുനെൽവേലി സ്വദേശിയായ ലോകനേനി യാഷ് വാൻ എന്ന ഏഴുവയസ്സുകാരനാണ് അഞ്ച് പേർക്ക് പുതുജീവൻ നൽകുക . തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്നലെ രാത്രിയാണ് യാഷ് വാന്‍ മസ്തിഷ്ക മരണം സ്ഥിരീകരിച്ചത് . തുടർന്ന് മാതാപിതാക്കൾ അവയവങ്ങൾ ദാനം ചെയ്യാൻ സമ്മതിക്കുകയായിരുന്നു.
സൈക്കിളിൽ റോഡ് മുറിച്ചുകടക്കുന്നതിനിടെ ആംബുലൻസ് ഇടിച്ചാണ് യാഷിന് ഗുരുതരമായി പരിക്കേറ്റത് . തുടർന്ന് തിരുനെൽവേലിയിലെ ഒരു ആശുപത്രിയിലേക്കും പിന്നീട് മെച്ചപ്പെട്ട ചികിത്സയ്ക്കായി തിരുവനന്തപുരത്തെ ആശുപത്രിയിലേക്കും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കുട്ടിയുടെ കരൾ, വൃക്ക, നേത്രപടലങ്ങൾ , ഹൃദയവാൽവ് എന്നിവയാണ് ദാനം ചെയ്യുന്നത്. കരൾ തിരുവനന്തപുരം കിംസ് ആശുപത്രിയിലേയ്ക്കും, ഒരു വൃക്ക തിരുവനന്തപുരം മെഡിക്കൽ കോളേജിലേയ്ക്കും, മറ്റൊന്ന് കോഴിക്കോട് ഇഖ്റ ആശുപത്രിയ്ക്കുമാണ് നൽകുക. നേത്രപടലങ്ങൾ തിരുവനന്തപുരം റീജിണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഒഫ്താൽമോളജി ആശുപത്രിയിലേയ്ക്കും , ഹൃദയവാല്‍വ് ശ്രീചിത്ര ആശുപത്രിയിലേയ്ക്കുമാണ് നൽകുക.കോട്ടയം വിജയപുരം സ്വദേശിയായ നാലുവയസുകാരിയാണ് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ വൃക്ക സ്വീകരിക്കുന്നത്. 17 കാരനാണ് കോഴിക്കോട് ഇഖ്റ ആശുപത്രിയിൽ എത്തിക്കുന്ന വൃക്ക സ്വീകരിക്കുന്നത്. യാഷ്വിന്റെ അവയവുമായി തിരുവനന്തപുരത്ത് നിന്ന് കോഴിക്കോട്ടേയ്ക്ക് ആംബുലൻസ് യാത്ര തിരിച്ചു. ആംബുലന്‍സിന് സുഗമമായി സഞ്ചരിക്കാന്‍ വഴിയൊരുക്കണമെന്ന് പൊലീസ് അറിയിച്ചു.

