ഹൈദരാബാദ്: പതിനേഴു വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ കേന്ദ്രമന്ത്രിയുടെ മകൻ പോലീസിൽ കീഴടങ്ങി. കേന്ദ്ര ആഭ്യന്തര സഹമന്ത്രിയും ബിജെപി എംപിയുമായ ബണ്ഡി സഞ്ജയ് കുമാറിന്റെ മകൻ സായ് ഭാഗീരഥ് (25) ആണ് അറസ്റ്റിലായത്.
പെൺകുട്ടിയുടെ അമ്മ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ മെയ് 8 നാണ് ഭഗീരഥിനെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്തത്. ആദ്യം ബലാത്സംഗ കുറ്റം മാത്രമാണ് ചുമത്തിയിരുന്നത് , എന്നാൽ പിന്നീട് പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ ശേഷം ലൈംഗികാതിക്രമം ഉൾപ്പെടെയുള്ള ഗുരുതരമായ കുറ്റങ്ങൾ കേസിൽ ചേർത്തു
ഭഗീരഥ് 2025 ജൂണിലാണ് സുഹൃത്തുക്കൾ വഴി പെൺകുട്ടിയെ കണ്ടുമുട്ടിയത്. ഒക്ടോബർ മുതൽ ഡിസംബർ വരെ നാല് തവണ ഭഗീരഥ് പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിക്കുകയും ബലാത്സംഗം ചെയ്യുകയും ചെയ്തതായി പെൺകുട്ടിയുടെ അമ്മ പരാതിയിൽ പറയുന്നു . പ്രതി രാജ്യം വിടുന്നത് തടയാൻ ഹൈദരാബാദ് പോലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കുകയും ഭഗീരഥിനെ പിടികൂടാൻ പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കുകയും ചെയ്തിരുന്നു.
അറസ്റ്റിൽ നിന്ന് സംരക്ഷണം ആവശ്യപ്പെട്ട് സായ് ഭഗീരഥ് സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ പരിഗണിച്ച തെലങ്കാന ഹൈക്കോടതി ഇടക്കാല ജാമ്യം നൽകാൻ വിസമ്മതിച്ചതിന് തൊട്ടുപിന്നാലെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. അറസ്റ്റിൽ നിന്ന് സംരക്ഷണം നൽകാനാവില്ലെന്ന് കോടതി നിരീക്ഷിച്ചു. മകന്റെ അറസ്റ്റിനെത്തുടർന്ന് ബണ്ടി സഞ്ജയ് എക്സിലൂടെ പ്രതികരണവുമായി രംഗത്തെത്തി. സ്വന്തം മകനായാലും സാധാരണ പൗരനായാലും എല്ലാവരും നിയമത്തിന് മുന്നിൽ തുല്യരാണെന്ന് കേന്ദ്രമന്ത്രി എക്സിൽ കുറിച്ചു.
പ്രതിക്ക് ജാമ്യം നൽകുന്നത് സാക്ഷികളെ സ്വാധീനിക്കുന്നതിനും പെൺകുട്ടിയുടെ കുടുംബത്തെ ഭീഷണിപ്പെടുത്തുന്നതിനും കാരണമാകുമെന്ന് പെൺകുട്ടിയുടെ അഭിഭാഷകൻ ചൂണ്ടിക്കാട്ടി. അതേസമയം, ഈ കേസ് ഹണിട്രാപ്പാണെന്നും പണം തട്ടാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്നും ഭഗീരഥിന്റെ അഭിഭാഷകർ വാദിക്കുന്നു. പെൺകുട്ടിയെ വിവാഹം കഴിക്കാൻ തന്നെ നിർബന്ധിക്കുകയും അഞ്ച് കോടി രൂപ നഷ്ടപരിഹാരം നൽകണമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്ന് പറഞ്ഞ് താൻ മുമ്പ് പോലീസിനെ സമീപിച്ചിരുന്നുവെന്ന് ഭഗീരഥ് പറഞ്ഞു. മെയ് 21 ന് ഭഗീരഥിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി വീണ്ടും പരിഗണിക്കും.

