തിരുവനന്തപുരം: പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ രജിസ്റ്റർ ചെയ്ത എഫ്ഐആറിന്റെ വിശദാംശങ്ങൾ പുറത്ത്. സ്ത്രീകളെ സോഷ്യൽ മീഡിയയിൽ പിന്തുടരുകയും ഉപദ്രവിക്കുകയും ചെയ്യുക, ഗർഭഛിദ്രത്തിന് നിർബന്ധിക്കുക തുടങ്ങിയ കുറ്റങ്ങളാണ് എഫ്ഐആറിൽ പരാമർശിച്ചിരിക്കുന്നത്. അഞ്ച് പേരുടെ പരാതിയിലാണ് കേസ് രജിസ്റ്റർ ചെയ്തത്.
അഞ്ച് പരാതിക്കാരും കേസിൽ മൂന്നാം കക്ഷികളാണ്. കേസിൽ നേരിട്ട് ഉൾപ്പെട്ടിട്ടില്ല. സോഷ്യൽ മീഡിയയിൽ ഉപദ്രവിക്കുക, ഗർഭഛിദ്രം നടത്താൻ നിർബന്ധിക്കുക, ഫോണിലൂടെ ഭീഷണിപ്പെടുത്തുക എന്നിവയാണ് കുറ്റങ്ങൾ. ഡിജിപിക്ക് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റർ ചെയ്തതെന്ന് എഫ്ഐആറിൽ പറയുന്നു.
അന്വേഷണത്തിനായി ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയുടെ പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്. പരാതിക്കാരുടെ മൊഴികൾ അന്വേഷണ സംഘം രേഖപ്പെടുത്താൻ തുടങ്ങി. പുറത്തുവന്ന ഓഡിയോ റെക്കോർഡിംഗുകളുടെ ആധികാരികത അന്വേഷണ സംഘം പരിശോധിക്കും. ഈ ശബ്ദങ്ങളുടെ ഉടമകളെ പിന്നീട് കണ്ടെത്തുകയും അവരുടെ മൊഴികൾ രേഖപ്പെടുത്തുകയും ചെയ്യും. നേരിട്ട് പരാതി നൽകിയാൽ മാത്രമേ അന്വേഷണ സംഘത്തിന് മുന്നോട്ട് പോകാൻ കഴിയൂ എന്നാണ് വിലയിരുത്തൽ.
അതേസമയം, ലൈംഗിക ആരോപണങ്ങൾ നേരിടുന്ന രാഹുൽ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് പാലക്കാട്ട് പ്രതിഷേധങ്ങൾ തുടരുകയാണ്. എന്നാൽ, രാഹുൽ മണ്ഡലത്തിലെത്തുമ്പോൾ പാർട്ടി അദ്ദേഹത്തിന് സുരക്ഷ ഒരുക്കുമെന്ന് കോൺഗ്രസ് പ്രവർത്തകർ പറയുന്നു.

