കൊല്ലം : ശബരിമല ദർശനം കഴിഞ്ഞ് മടങ്ങുകയായിരുന്ന കുടുംബത്തിന് നേരെ കൊട്ടാരക്കരയിൽ നാലംഗ സംഘത്തിന്റെ ആക്രമണം. കുടുംബം സഞ്ചരിച്ചിരുന്ന കാറിലേക്ക് അക്രമികളുടെ വാഹനം ഇടിച്ചുകയറ്റിയതിനെ ചോദ്യം ചെയ്തതിനാണ് കാക്കാത്താനം സ്വദേശിയായ ശരത് കുമാറിനെ തിങ്കളാഴ്ച രാത്രി സംഘം മർദിച്ചത്.
കൊട്ടാരക്കര തൃക്കണ്ണമംഗലത്താണ് സംഭവം നടന്നത്. കുടുംബം നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ, ആക്രമണവുമായി ബന്ധപ്പെട്ട് നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തു. കൊട്ടാരക്കര സ്വദേശികളായ പ്രണവ്, പ്രവീൺ, ഷിബിൻ, ശരത്ചന്ദ്രൻ എന്നിവരാണ് പിടിയിലായത്. പ്രതികൾ മദ്യലഹരിയിലായിരുന്നുവെന്ന് കുടുംബം ആരോപിച്ചു.
ശരത് കുമാറിനെ ആക്രമിക്കുന്നത് തടയാൻ ശ്രമിച്ച ഭാര്യയെയും അവരുടെ കൈയിലുണ്ടായിരുന്ന കുഞ്ഞിനെയും സംഘം മർദിച്ചതായി ശരത് കുമാർ പറഞ്ഞു. കുടുംബത്തെ രക്ഷിക്കാൻ ഇടപെട്ട മറ്റുള്ളവരെയും പ്രതികൾ ആക്രമിക്കാൻ ശ്രമിച്ചതായാണ് വിവരം. ആക്രമണത്തിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. സംഭവത്തിൽ തുടർനടപടികൾ സ്വീകരിച്ചുവരികയാണെന്ന് പോലീസ് അറിയിച്ചു.

