തിരുവനന്തപുരം : രാഹുൽ മാങ്കൂട്ടത്തിലിന് കുരുക്ക് മുറുകുന്നു. യൂത്ത് കോൺഗ്രസ് തെരഞ്ഞെടുപ്പിൽ ഇലക്ഷൻ കമ്മിഷന്റെ പേരിൽ വ്യാജ തിരിച്ചറിയൽ കാർഡ് നിർമിച്ചുവെന്ന കേസിൽ രാഹുലിന്റെ അനുയായികളുടെ ഫോൺ പിടിച്ചെടുത്തു. തിരുവനന്തപുരത്തു നിന്നെത്തിയ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർ അടൂരും ഏലംകുളത്തുമുള്ള രാഹുൽ മാങ്കൂട്ടത്തിലുമായി ബന്ധപ്പെട്ട യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ വീടുകളിൽ നടത്തിയ പരിശോധനയിലാണ് ഫോൺ പിടിച്ചെടുത്തത്.
സംഘടാന പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് രേഖകളും പിടിച്ചെടുത്തതായാണ് വിവരം. ലോക്കൽ പൊലീസിന്റെ സഹായത്തോടെയായിരുന്നു പരിശോധന. വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് കേസില്‍ പത്തനംതിട്ട സ്വദേശികളായ അഞ്ച് പേരാണ് പ്രതികള്‍. രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുമായി അടുത്തബന്ധമുള്ള ഫെനി നൈനാന് ആണ് ഒന്നാംപ്രതി. പ്രതികളെ ചോദ്യംചെയ്തതില്‍നിന്ന് കൂടുതല്‍ പേരിലേക്ക് അന്വേഷണം എത്തുന്നുവെന്നാണ് പുറത്തുവരുന്ന സൂചന. നിലവില്‍ രാഹുല്‍ കേസിലെ പ്രതിയല്ല.
കേസിൽ ശനിയാഴ്ച ഹാജരാകാൻ രാഹുലിന് ക്രൈംബ്രാഞ്ച് നോട്ടിസ് അയച്ചിട്ടുണ്ട്. പ്രതികളുടെ ശബ്ദരേഖയിൽ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ പേരും ഉൾപ്പെട്ടിരുന്നു. ഇതോടെയാണ് രാഹുലിനെ വീണ്ടും വിളിപ്പിക്കുന്നത്. മൂന്നാം പ്രതി അഭിനന്ദ് വിക്രമിന്റെ ഫോണിലെ ശബ്ദരേഖയിലാണ് രാഹുലിന്റെ പേര് പരാമർശിക്കുന്നത്. പോലീസിന്റെ ആദ്യത്തെ ചോദ്യം ചെയ്യലില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ ആരോപണങ്ങള്‍ നിഷേധിച്ചിരുന്നു. കേസിൽ അറസ്റ്റിലായ പ്രതികളുമായി ബന്ധമുണ്ടെങ്കിലും അവർ വ്യാജ രേഖയുണ്ടാക്കിയതായി അറിയില്ലെന്നും, അത്തരത്തില്‍ വോട്ടുകള്‍ ലഭിച്ചിട്ടില്ലെന്നുമായിരുന്നു രാഹുലിന്റെ മൊഴി.

