കോഴിക്കോട്: വ്യവസായിയും ചലച്ചിത്ര നിർമ്മാതാവുമായ ഗോകുലം ഗോപാലനെ എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യുന്നു . ഫെമ നിയമ ലംഘനവുമായി ബന്ധപ്പെട്ടാണ് പരിശോധന എന്നാണ് വിവരം.
അന്വേഷണവുമായി ബന്ധപ്പെട്ട് കോഴിക്കോട് ഗോകുലം ഗ്രാൻഡ് കോർപ്പറേറ്റ് ഓഫീസിലും ഗോകുലം മാളിലും കേന്ദ്ര ഏജൻസി റെയ്ഡ് നടത്തുന്നുണ്ട്. കൂടാതെ, ചെന്നൈയിലെ കോടമ്പാക്കത്തുള്ള ഗോപാലൻ്റെ സാമ്പത്തിക സ്ഥാപനത്തിലും കൊച്ചിയിൽ നിന്നുള്ള ഇഡി സംഘം റെയ്ഡ് നടത്തി.ഫോറിൻ എക്സ്ചേഞ്ച് മാനേജ്മെൻ്റ് ആക്ടിൻ്റെ (ഫെമ) വകുപ്പുകൾ പ്രകാരം ചെന്നൈ (തമിഴ്നാട്) ഉൾപ്പെടെ വിവിധ സംസ്ഥാനങ്ങളിലെ അഞ്ച് സ്ഥലങ്ങളിലാണ് പരിശോധന നടത്തുന്നത്.
ചില പ്രവാസികൾ മുഖേന 1,000 കോടി രൂപയുടെ ഫെമ ലംഘനം നടത്തിയതിനും അനുബന്ധ ചില “അനധികൃത” ഇടപാടുകൾക്കും ഗോപാലനും അദ്ദേഹത്തിൻ്റെ ഫിനാൻസ് കമ്പനിയ്ക്കും എതിരെ നടപടി സ്വീകരിച്ചുവരികയാണ്.
2017ൽ ഗോപാലൻ്റെ പല ഓഫീസുകളിലും ഇഡി സമാനമായ രീതിയിൽ റെയ്ഡ് നടത്തിയിരുന്നു. അതേസമയം, നിലവിലെ നടപടി സംബന്ധിച്ച് ഇഡി ഉദ്യോഗസ്ഥർ ഇതുവരെ ഔദ്യോഗിക പ്രസ്താവന പുറത്തിറക്കിയിട്ടില്ല.
അതേസമയം, എമ്പുരാനെതിരെയുള്ള സംഘപരിവാർ ആക്രമണത്തിൻ്റെ തുടർച്ചയാണ് ഗോകുലം ഗ്രൂപ്പിനെതിരെ ഇഡി അന്വേഷണം ആരംഭിച്ചതെന്ന് എൽഡിഎഫ് കൺവീനർ ടിപി രാമകൃഷ്ണൻ ആരോപിച്ചു.

