പാലക്കാട് : സിപിഎമ്മിന്റെ പാലക്കാട് ജില്ലാ സെക്രട്ടറി സ്ഥാനത്ത് നിന്ന് ഇ എൻ സുരേഷ് ബാബുവിനെ മാറ്റാൻ കാരണം യുവതി നൽകിയ പരാതി . അഭിഭാഷകയായ വനിതാ നേതാവാണ് സുരേഷ് ബാബുവിനെതിരെ പരാതി നൽകിയത്. ശക്തമായ ഡിജിറ്റൽ തെളിവുകൾ അടക്കമായിരുന്നു പരാതി . പാർട്ടി നടപടിയുണ്ടായില്ലെങ്കിൽ നിയമപരമായി മുന്നോട്ടുപോവുമെന്നും യുവതി മുന്നറിയിപ്പ് നൽകിയിരുന്നു
പരാതിയുടെ ഗുരുതരസ്വഭാവം പാർട്ടി നേതൃത്വത്തിന് ബോധ്യമായിരുന്നു. ഇതേത്തുടർന്നാണ് ആദ്യനടപടിയെന്ന നിലയിൽ സംസ്ഥാന നേതൃത്വം തന്നെ സുരേഷ് ബാബുവിനെ ജില്ലാ സെക്രട്ടറി സ്ഥാനത്തുനിന്ന് മാറ്റിയത്. സുരേഷ് ബാബുവിനെതിരെ കടുത്ത നടപടികൾ പിന്നാലെയുണ്ടാകുമെന്നാണ് സൂചന. നടപടികൾക്കൊടുവിൽ അദ്ദേഹത്തെ പാർട്ടിയുടെ പ്രാഥമികാംഗത്വത്തിൽ നിന്ന് പുറത്താക്കുമെന്നും പാർട്ടി വൃത്തങ്ങൾ പറയുന്നു.
നിലവിൽ പാർട്ടി സംസ്ഥാന സമിതിയിലും ജില്ലാ സെക്രട്ടറിയറ്റിലും അംഗമാണ് സുരേഷ് ബാബു. ഈ സ്ഥാനങ്ങളിൽ നിന്നെല്ലാം സുരേഷ് ബാബുവിനെ ഘട്ടംഘട്ടമായി ഒഴിവാക്കാനാണ് പാർട്ടി നീക്കം. വിപുലീകൃത ജില്ലാ കമ്മിറ്റി യോഗങ്ങൾക്ക് ശേഷം സംസ്ഥാന സെക്രട്ടറിയറ്റായിരിക്കും വിഷയം ചർച്ച ചെയ്ത് അന്തിമ തീരുമാനമെടുക്കുക. യുവതിയുടെ പരാതിക്ക് പുറമെ സംഘടനാതലത്തിലുള്ള മറ്റ് ചില പരാതികളും സുരേഷ് ബാബുവിനെതിരെ പാർട്ടിക്ക് ലഭിച്ചിട്ടുണ്ട്.

