ന്യൂഡൽഹി : എസ്ഐആറിനും മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനുമെതിരെ മാർച്ചുമായി പ്രതിപക്ഷം . പാർലമെന്റിൽ നിന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ ഓഫീസിലേയ്ക്കാണ് മാർച്ച് . പ്രതിഷേധം കണക്കിലെടുത്ത് സുരക്ഷ കർശനമാക്കിയിട്ടുണ്ട്.
‘സേവ് ഡെമോക്രസി മാർച്ച്’ എന്നാണ് പ്രതിഷേധത്തിന് പേര് നൽകിയിരിക്കുന്നത്. 19 പ്രതിപക്ഷ പാർട്ടികളിൽ നിന്നുള്ള എംപിമാർ പ്രതിഷേധത്തിൽ പങ്കെടുക്കുന്നുണ്ട് . കോൺഗ്രസ്, സമാജ്വാദി പാർട്ടി, ടിഎംസി, എൻസിപി (എസ്പി), ശിവസേന (യുബിടി), ആർജെഡി, സിപിഎം, സിപിഐ, എൻസി, പിഡിപി, ജെഎംഎം, സിപിഐ-എംഎൽ, ഐയുഎംഎൽ, കെസി (എം), എംഡിഎംകെ, വിസികെ, ആർഎസ്പി, എഐഎഫ്ബി, കെസി (ജെ) എന്നിവ പ്രതിഷേധത്തിൽ പങ്കെടുക്കുന്നുണ്ട്.
. ഇന്ത്യാ ബ്ലോക്ക് നേതാക്കളെ തടഞ്ഞുകൊണ്ട് പോലീസ് ബാരിക്കേഡുകൾ സ്ഥാപിച്ചിട്ടുണ്ട്. പ്രതിഷേധത്തിനിടെ ലോക്സഭയിലെ പ്രതിപക്ഷ നേതാവായ രാഹുൽ ഗാന്ധി പോലീസ് ബാരിക്കേഡിന് മുകളിൽ നിന്ന് ദേശീയ പതാക വീശി. പാർലമെന്റിന്റെ മകർ ഗേറ്റിൽ നിന്ന് ആരംഭിച്ച മാർച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ കെട്ടിടത്തിന് മുന്നിൽ എത്തും മുൻപ് ഡൽഹി പോലീസ് തടഞ്ഞു. തുടർന്ന് രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവരുൾപ്പെടെ നിരവധി കോൺഗ്രസ് നേതാക്കൾ തെരുവിൽ കുത്തിയിരിപ്പ് സമരം നടത്തി.
സമാജ്വാദി പാർട്ടി എംപി സിയാ-ഉർ-റഹ്മാൻ ബാർക്ക്, സഹ എംപിമാർക്കൊപ്പം, പോലീസ് ബാരിക്കേഡ് തകർക്കാനും ശ്രമിച്ചു., ആദ്യത്തെ ബാരിക്കേഡ് പാർലമെന്റിൽ നിന്ന് ഏകദേശം 400 മീറ്റർ അകലെയായിരുന്നു. അർദ്ധസൈനികരും സംഭവസ്ഥലത്ത് എത്തിയിട്ടുണ്ട്.

