കൊച്ചി ; അവയവക്കടത്തുമായി ബന്ധപ്പെട്ട അന്വേഷണം ഊർജ്ജിതമാക്കി ഇഡി. അന്വേഷണത്തിന്റെ ഭാഗമായി നടത്തിയ പരിശോധനകളിൽ പ്രതികൾ തട്ടിപ്പിനായി ഉപയോഗിച്ച നിർണ്ണായക രേഖകളും, വ്യാജരേഖകളും ഇഡി കണ്ടെടുത്തു. പ്രതികൾ നടത്തിയ നിയമവിരുദ്ധമായ പ്രവർത്തനങ്ങളുടെയും സാമ്പത്തിക ഇടപാടുകളുടെയും കൂടുതൽ തെളിവുകൾ പുറത്ത് കൊണ്ടുവരാൻ ഈ കണ്ടെത്തലുകൾ സഹായിക്കുമെന്നാണ് നിഗമനം.
കേസിൽ ഉൾപ്പെട്ട പ്രതികളുടെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കാനുള്ള നടപടികളിലേയ്ക്ക് എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് കടന്നിട്ടുണ്ട് . അവയവക്കടത്തിലൂടെ സമ്പാദിച്ച പണം എങ്ങോട്ടൊക്കെയാണ് കൈമാറ്റം ചെയ്യപ്പെട്ടതെന്ന് കണ്ടെത്താനാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ബാങ്ക് അക്കൗണ്ടുകൾ വഴി നടന്ന സാമ്പത്തിക ഇടപാടുകളുടെ കൃത്യമായ വിവരങ്ങൾ ശേഖരിക്കുന്നതിനായി ബാങ്ക് അധികൃതരുമായും ഇഡി സഹകരിക്കുന്നുണ്ട്. പോലീസും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും സംയുക്തമായാണ് കേസിൽ അന്വേഷണം നടത്തുന്നത്.

