ന്യൂഡൽഹി: വാണിജ്യ എൽപിജി സിലിണ്ടറിന്റെ വില 183 രൂപ കുറച്ചു 2952 രൂപയായി. പശ്ചിമേഷ്യൻ യുദ്ധം അവസാനിക്കുകയും ഹോർമുസ് കടലിടുക്ക് സാധാരണ നിലയിലേക്ക് തിരിച്ചെത്തിയതിനും പിന്നാലെയാണ് വാണിജ്യ എൽപിജിയുടെ വില കുറച്ചത്. എന്നാൽ ഗാർഹിക പാചകവാതകത്തിന്റെ വിലയിൽ മാറ്റമില്ല.
നിരക്കിലെ കുറവ് ഇന്ന് മുതൽ പ്രാബല്യത്തിൽ വരും. ഹോട്ടലുകൾക്കും റെസ്റ്റോറന്റുകൾക്കും ഏറെ ആശ്വാസം നൽകുന്ന തീരുമാനമാണിത് . മിഡിൽ ഈസ്റ്റ് പ്രതിസന്ധി കാരണം പാചകവാതക വില വർദ്ധിപ്പിച്ചപ്പോൾ കേരളത്തിലെ ഹോട്ടലുകൾക്ക് മെനുവിൽ നിന്ന് നിരവധി ഇനങ്ങൾ ഒഴിവാക്കേണ്ടിവന്നു. വാണിജ്യ വിലകൾ പ്രതിസന്ധിക്ക് മുമ്പുള്ള നിലയിലേക്ക് പതുക്കെ തിരിച്ചെത്തുന്നതിനാൽ ഭക്ഷണസാധനങ്ങളുടെ നിരക്കുകൾ കുറയ്ക്കുമോയെന്ന കാര്യം വ്യക്തമല്ല.
ഡൽഹിയിൽ ഇന്ന് മുതൽ 19 കിലോഗ്രാം വാണിജ്യ എൽപിജി സിലിണ്ടറിന്റെ റീട്ടെയിൽ വില 2,930 രൂപയാണ്. ഒഎംസികൾ 5 കിലോഗ്രാം ഫ്രീ ട്രേഡ് എൽപിജി സിലിണ്ടറിന്റെ വിലയും 13 രൂപ കുറച്ചു. ഡൽഹിയിൽ സിലിണ്ടറിന്റെ റീട്ടെയിൽ വില 808.50 രൂപയാണ്. ജൂണിൽ, 14.2 കിലോഗ്രാം ഗാർഹിക എൽപിജി സിലിണ്ടറിന്റെ വില 29 രൂപ വർദ്ധിപ്പിച്ചതോടെ ഡൽഹിയിലെ ചില്ലറ വിൽപ്പന വില 913 രൂപയിൽ നിന്ന് 942 രൂപയായിരുന്നു.
ഈ വർഷം ആദ്യം വാണിജ്യ എൽപിജി വിലയിലും കുത്തനെ വർധനയുണ്ടായി. അന്താരാഷ്ട്ര ഊർജ്ജ വിലയിലെ വർദ്ധനവ് ചൂണ്ടിക്കാട്ടി ഏപ്രിലിൽ, മെട്രോപൊളിറ്റൻ നഗരങ്ങളിൽ 19 കിലോഗ്രാം വാണിജ്യ സിലിണ്ടറുകളുടെ വില ഒഎംസികൾ 195.50 രൂപ വർദ്ധിപ്പിച്ചിരുന്നു .

