തിരുവനന്തപുരം: മെഡിക്കൽ കോളജിലെ ഉപകരണക്ഷാമം സംബന്ധിച്ച വെളിപ്പെടുത്തൽ നടത്തിയ യൂറോളജി വിഭാഗം മേധാവി ഡോ.ഹാരിസിനെതിരെ നടപടിയുണ്ടായാൽ നേരിടുമെന്ന് ഡോക്ടർമാരുടെ സംഘടന. നോട്ടീസിനെ നടപടിക്രമങ്ങളുടെ ഭാഗമായി കാണുന്നുവെന്നും അതിനപ്പുറമുള്ള നടപടി ഉണ്ടായാൽ ശക്തമായ പ്രതികരിക്കുമെന്നും കെജിഎംസിടിഎ അറിയിച്ചു.
ഇന്നലെയാണ് ഡോക്ടർക്ക് കാരണം കാണിക്കൽ നോട്ടീസ് ലഭിച്ചത്. അച്ചടക്കലംഘനം ഉണ്ടായിട്ടുണ്ടെന്നും അന്വേഷണ റിപ്പോർട്ടിൽ ഏറെ ശുപാർശകളുണ്ടെന്നും മന്ത്രി വീണാ ജോർജ് പറഞ്ഞു.
എന്നാൽ നോട്ടീസിന് മറുപടി നല്‍കാനുള്ള പേപ്പര്‍ പോലുമില്ലെന്ന് ഹാരിസ് പ്രതികരിച്ചു. ‘ കത്ത് അടിക്കാനുള്ള പേപ്പർ വരെ ഞാൻ പൈസ കൊടുത്ത് വാങ്ങണം. അവിടെ പ്രിന്റ് എടുക്കാനുള്ള പേപ്പർ പോലുമില്ല. ഞാൻ അഞ്ഞൂറ് പേപ്പർ വീതം വാങ്ങി റൂമിൽ വെച്ചിട്ടുണ്ട്. അല്ലെങ്കിൽ ഏതെങ്കിലും മെഡിക്കൽ കമ്പനിക്കാരെക്കൊണ്ട് വാങ്ങിയാണ് അടിച്ചുകൊടുക്കുന്നത്. അത്രയും വലിയ ഗതികേടാണ്. പിന്നെ എങ്ങനെയാണ് പേപ്പറിൽ എപ്പോഴും അടിച്ചു കൊടുക്കാൻ പറ്റുന്നത്.
സ്വന്തമായി ഓഫീസോ സ്റ്റാഫോ പ്രിന്റിങ് മെഷീനോ ഇല്ല. പലരുടേയും കൈയും കാലും പിടിച്ചിട്ടാണ് ഇത് എഴുതിയൊക്കെ കൊടുക്കുന്നത്. അതിനൊന്നും എനിക്ക് സമയമില്ല. ആവശ്യകത മനസ്സിലാക്കി മീറ്റിങ്ങിൽ എഴുതിക്കൊടുക്കുമ്പോൾ അത് മനസ്സിലാക്കണം. രോഗിയെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാനുള്ള ഉപകരണമാണ്’, ഹാരിസ് പറഞ്ഞു.വിദഗ്ധ സമിതി എന്ത് റിപ്പോര്‍ട്ട് ആണ് നല്‍കിയതെന്ന് തനിക്ക് അറിയില്ലെന്നും ഹാരിസ് ചിറക്കല്‍ പറഞ്ഞു.
‘ ആ കമ്മിറ്റിയില്‍ ഉള്ള നാലുപേരും എന്റെ സഹപ്രവര്‍ത്തകരാണ്. എന്നെപ്പറ്റി മോശമായി എഴുതുന്നവരല്ല അവര്‍. ഏത് ഘട്ടത്തിലാണ് എന്നെപ്പറ്റി മോശമായി എഴുതാന്‍ അവര്‍ നിര്‍ബന്ധിതരായത് എന്ന് അറിയില്ലെന്നും‘ ഡോ.ഹാരിസ് കൂട്ടിച്ചേര്‍ത്തു. മെഡിക്കല്‍ കോളജിലേക്ക് ഉപകരണങ്ങള്‍ ആവശ്യപ്പെട്ട് മെഡിക്കല്‍ കോളജ് സൂപ്രണ്ടിന് അയച്ച കത്തുകളും ഡോ. ഹാരിസ് പുറത്തു വിട്ടു. മാര്‍ച്ച് മാസത്തിലും ജൂണ്‍ മാസത്തിലും ഉപകരണങ്ങള്‍ ആവശ്യപ്പെട്ട് സൂപ്രണ്ടിന് നല്കിയ കത്താണ് പുറത്തുവിട്ടത്.

