കൊച്ചി : താൻ 80 ശതമാനം ബിജെപി പ്രവർത്തകനാണെന്നും കോൺഗ്രസ് നേതാക്കൾ തനിക്ക് സീറ്റ് വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും സംവിധായകൻ അഖിൽ മാരാർ .
‘ബിജെപിയുടെ ഏകദേശം 80 ശതമാനം താൽപ്പര്യങ്ങളോടും ഞാൻ യോജിക്കുന്നുണ്ടെങ്കിലും, ചില കാര്യങ്ങളെ ഞാൻ എതിർക്കുന്നു, അതുകൊണ്ടാണ് ഞാൻ ട്വന്റി20യിൽ ചേർന്നത്. ട്വന്റി20യുടെ ആശയങ്ങളോട് ഞാൻ എപ്പോഴും യോജിക്കുന്നു. എന്നിരുന്നാലും, ആ സമയത്ത് അവരുടെ പ്രവർത്തനങ്ങൾ ജില്ലയ്ക്ക് പുറത്ത് സജീവമായിരുന്നില്ല. ജനങ്ങൾക്ക് ഉപകാരപ്രദമായ ബിജെപിയുടെ എല്ലാ പ്രവർത്തനങ്ങളെയും ഞാൻ പൂർണ്ണമായും പിന്തുണയ്ക്കും,’ അഖിൽ മാരാർ പറഞ്ഞു.
രമേശ് ചെന്നിത്തലയും പ്രതിപക്ഷ നേതാവ് വി ഡി സതീശനും ഉൾപ്പെടെയുള്ള നേതാക്കൾ തന്നെ കോൺഗ്രസിലേക്ക് ക്ഷണിച്ചതായും അഖിൽ മാരാർ പറഞ്ഞു. കോൺഗ്രസുകാർ പല വേദികളിലും തന്നെ സംഘി എന്ന് പറഞ്ഞു കളിയാക്കി . കോൺഗ്രസിൽ നിന്ന് ക്ഷണം ലഭിച്ചുവെന്ന വാദം കള്ളമാണെന്ന് ആരെങ്കിലും കരുതുന്നുണ്ടെങ്കിൽ, അതിനുള്ള തെളിവ് തന്റെ പക്കലുണ്ടെന്നും അഖിൽ മാരാർ പറഞ്ഞു. ഇന്നലെ വിളിച്ചുചേർത്ത പത്രസമ്മേളനത്തിലാണ് അഖിൽ മാരാർക്ക് ട്വന്റി 20യിൽ ഔദ്യോഗിക അംഗത്വം ലഭിച്ചതായി പ്രസിഡന്റ് സാബു ജേക്കബ് പ്രഖ്യാപിച്ചത്. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ കൊട്ടാരക്കരയിൽ നിന്ന് എൻഡിഎ സ്ഥാനാർത്ഥിയായി അഖിൽ മാരാർ മത്സരിക്കുമെന്ന് സൂചനയുണ്ട്.
അഖിൽ മാരാർ പാർട്ടിയുടെ ഭാഗമായെന്നും നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്നും മണ്ഡലം എൻഡിഎ നേതൃത്വം തീരുമാനിക്കുമെന്നും സാബു എം ജേക്കബ് പറഞ്ഞു. താൻ സ്വതന്ത്ര ചിന്താഗതിക്കാരനാണെന്നും ഭരണം മാറണം എന്ന നിലപാട് എടുത്തയാളാണെന്നും അതിനാലാണ് പലപ്പോഴും യുഡിഎഫ് അനുകൂല നിലപാട് എടുത്തതെന്നും അഖിൽ മാരാർ പറഞ്ഞു.

