ഇടുക്കി: കാട്ടാനാക്രമണത്തിൽ കൊല്ലപ്പെട്ടെന്ന കരുതിയ സ്ത്രീയുടെ മരണം കൊലപാതകമെന്ന് പൊലീസ് . പീരുമേടിനടുത്തുള്ള കാട്ടിലാണ് സീത (54) ന്റെ മൃതദേഹം കണ്ടെത്തിയത് . വനവിഭവങ്ങൾ ശേഖരിക്കാൻ പോയപ്പോൾ കാട്ടാന ആക്രമിച്ചതാണെന്ന് സീതയുടെ ഭർത്താവ് ബിനു പറഞ്ഞത്. എന്നാൽ മരണം കൊലപാതകമാണെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ വ്യക്തമായി. ബിനുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
ഇന്നലെയാണ് സംഭവം. കാട്ടാന ആക്രമിച്ചെന്ന് പറഞ്ഞാണ് ബിനുവും രണ്ട് കുട്ടികളും ചേർന്ന് സീതയെ വനം വകുപ്പിന്റെ വാഹനത്തിൽ പീരുമേട് താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുവന്നത് . ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും അവർ മരിച്ചിരുന്നു. വനം വകുപ്പ് നടത്തിയ പരിശോധനയിൽ കാട്ടാന ആക്രമണത്തിന്റെ ലക്ഷണങ്ങളൊന്നും കണ്ടെത്താനായില്ല. ആശുപത്രി അധികൃതരും മരണത്തിൽ സംശയം പ്രകടിപ്പിച്ചു.
തുടർന്ന് നടത്തിയ പോസ്റ്റ്മോർട്ടത്തിൽ ഇത് കൊലപാതകമാണെന്ന് കണ്ടെത്തി. സീതയുടെ ശരീരത്തിൽ വന്യമൃഗ ആക്രമണത്തിന്റെ ലക്ഷണങ്ങളൊന്നുമില്ല. മുഖത്തും കഴുത്തിലും ചില പാടുകൾ കാണപ്പെട്ടു. തലയിൽ മൂന്ന് മാരകമായ മുറിവുകൾ ഉണ്ടായിരുന്നു. വലതുവശത്തും ഇടതുവശത്തും ബലം പ്രയോഗിച്ച് പിടിച്ചു മരം പോലുള്ള ഒരു പ്രതലത്തിൽ ഇടിച്ചതാണ് മുറിവുകൾക്ക് കാരണമെന്ന് പോസ്റ്റ്മോർട്ടത്തിൽ പറയുന്നു
കഴുത്തിൽ ശക്തമായി അമർത്തി ശ്വാസം മുട്ടിച്ചതിന്റെ ലക്ഷണങ്ങളും ഉണ്ടായിരുന്നു. മുഖത്ത് അടിയേറ്റതിന്റെ ലക്ഷണങ്ങളും ഉണ്ടായിരുന്നു. വാരിയെല്ലുകൾ ഒടിഞ്ഞിരുന്നു. കാലിൽ പിടിച്ചു വലിച്ചതിന്റെ ലക്ഷണങ്ങളും ഉണ്ടായിരുന്നു.മുന്നിൽ നടക്കുമ്പോൾ കാട്ടാന ആക്രമിച്ചു എന്നായിരുന്നു ബിനുവിന്റെ മൊഴി. കാട്ടാന പിന്നിൽ നിന്ന് വന്ന് തന്നെ എറിഞ്ഞുവെന്നും ബിനു പറഞ്ഞിരുന്നു . എന്നാൽ കുട്ടികൾ കാട്ടാനയുടെ ആക്രമണം കണ്ടില്ലെന്നാണ് പറഞ്ഞത്.