പത്തനംതിട്ട : ആത്മഹത്യ ചെയ്ത ഐബി ഉദ്യോഗസ്ഥ മേഘയുടെ സുഹൃത്തിനെതിരെ ഗുരുതര ആരോപണവുമായി പിതാവ് മധുസൂദനൻ . എടപ്പാൾ സ്വദേശിയായ സുകാന്ത് സുരേഷാണ് തൻ്റെ മകളുടെ പണം മുഴുവൻ തട്ടിയെടുത്തതെന്ന് പിതാവ് ആരോപിച്ചു. മേഘയുടെ കയ്യിൽ ആഹാരം കഴിക്കാനുള്ള പൈസ പോലും ഉണ്ടായിരുന്നുല്ലെന്ന് സുഹൃത്തുക്കൾ പറഞ്ഞതായും പിതാവ് പറഞ്ഞു.
‘എനിക്ക് സുകാന്തിനെ നേരിട്ട് അറിയില്ല. പരിശീലനം കഴിഞ്ഞ് വീട്ടിൽ തിരിച്ചെത്തിയപ്പോഴാണ് സുകാന്തുമായുള്ള ബന്ധം ഞാൻ അറിയുന്നത്. വിവാഹത്തിന് സുകാന്തിൻ്റെ വീട്ടുകാരുമായി ബന്ധപ്പെടാമെന്ന് ഞാൻ അവളോട് പറഞ്ഞു. അന്ന് വീട്ടിൽ ചില പ്രശ്നങ്ങൾ ഉള്ളതിനാൽ വിവാഹം മാറ്റിവെക്കണമെന്ന് സുകാന്ത് പറഞ്ഞു.
അവളുടെ സാമ്പത്തിക സ്ഥിതിയെക്കുറിച്ച് ഞങ്ങൾക്ക് ഒന്നും അറിയില്ലായിരുന്നു. അവളുടെ മരണശേഷം കാര്യങ്ങൾ വ്യക്തമായി. അവളുടെ ശമ്പളം സുകാന്തിൻ്റെ അക്കൗണ്ടിലേക്ക് പോയിരുന്നു. കഴിഞ്ഞ മാസം വരെ ഇതായിരുന്നു സ്ഥിതി. ഭക്ഷണം കഴിക്കാൻ പോലും മേഘയുടെ പക്കൽ പണമുണ്ടായിരുന്നില്ലെന്ന് സുഹൃത്തുക്കൾ പറഞ്ഞു. അവളുടെ സാമ്പത്തിക സ്ഥിതി ഇപ്പോഴാണ് അറിഞ്ഞത്. അവൾക്ക് യാത്ര ചെയ്യാൻ പോലും പണമില്ലായിരുന്നു. സുകാന്തുമായി ബന്ധപ്പെടാൻ പോലീസ് ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. അവളുടെ ബന്ധത്തെക്കുറിച്ച് അവളുടെ സുഹൃത്തുക്കൾക്ക് അറിയാമായിരുന്നു. സുകാന്തിന് മറ്റൊരു ബന്ധമുണ്ടെന്ന് കൊച്ചിയിലുള്ള അവളുടെ സുഹൃത്തുക്കൾ പറഞ്ഞു.
പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചതിന് ശേഷം മാത്രമേ കൂടുതൽ വിവരങ്ങൾ ലഭിക്കൂ,- മേഘയുടെ പിതാവ് പറഞ്ഞു. കഴിഞ്ഞ തിങ്കളാഴ്ചയാണ് മേഘയെ ചാക്കയ്ക്ക് സമീപം റെയിൽവേ ട്രാക്കിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മരണവുമായി ബന്ധപ്പെട്ട് കുടുംബം സുകാന്തിനെതിരെ പരാതി നൽകിയിട്ടുണ്ട്. മേഘയുടെ ഫോൺ പോലീസിൻ്റെ പക്കലുണ്ട്. ഇവരുടെ ലാപ്ടോപ്പ് പോലീസിന് കൈമാറിയിട്ടുണ്ട്. ഇവ ഫോറൻസിക് പരിശോധനയ്ക്ക് വിധേയമാക്കണമെന്നാണ് കുടുംബം ആവശ്യപ്പെട്ടിരിക്കുന്നത്.