നാഗപട്ടണം: സ്വയം പ്രഖ്യാപിത ആൾദൈവം നിത്യാനന്ദയുടെ മരണവാർത്ത തള്ളി നിത്യാനന്ദയുടെ സ്വയം പ്രഖ്യാപിത രാഷ്ട്രമായ കൈലാസം . ഇവിടുത്തെ ഉദ്യോഗസ്ഥരാണ് മരണവാർത്ത തള്ളി വിശദീകരണ കുറിപ്പ് പുറത്തിറക്കിയത് . നിത്യാനന്ദ സുരക്ഷിതമായി കഴിയുന്നുവെന്നാണ് കൈലാസത്തിന്റെ പ്രസ്താവന.
ഏപ്രിൽ 3 ന് രാവിലെ 5.00 നും വൈകുന്നേരം 4.30 നും നിത്യാനന്ദ ഭക്തരെ അഭിസംബോധന ചെയ്യുമെന്നും അവർ അറിയിച്ചു. മാർച്ച് 30 ന് നടന്ന തത്സമയ ഉഗാദി ആഘോഷങ്ങളിൽ നിത്യാനന്ദ ഭക്തരെ അനുഗ്രഹിച്ചതായും കൈലാസ അധികൃതർ അറിയിച്ചു. അവരുടെ അവകാശവാദങ്ങളെ സാധൂകരിക്കുന്ന പരിപാടിയുടെ യൂട്യൂബ് വീഡിയോയും അവർ പുറത്തുവിട്ടു.
നിത്യാനന്ദയെ അപകീർത്തിപ്പെടുത്താനുള്ള ദുരുദ്ദേശ്യപരമായ അപവാദപ്രചാരണമാണ് വ്യാജവാർത്തയെന്ന് വിശേഷിപ്പിച്ച കൈലാസ, ഈ വാർത്ത ഹിന്ദു ഭക്തരുടെ മതവികാരം വ്രണപ്പെടുത്തുകയും നിയമലംഘനം നടത്തുകയും ചെയ്തുവെന്ന് കുറ്റപ്പെടുത്തി.നിത്യാനന്ദയ്ക്കെതിരെ നേരത്തെ എഴുപതിലധികം വധശ്രമങ്ങൾ നടന്നിട്ടുണ്ടെന്നും കൈലാസ കൂട്ടിച്ചേർത്തു.
നിത്യാനന്ദ മരിച്ചെന്ന് കഴിഞ്ഞ ദിവസം സഹോദരിയുടെ മകനായ സുന്ദരേശ്വരനാണ് പുറത്തറിയിച്ചത്. സനാതന ധർമം സ്ഥാപിക്കുന്നതിനു വേണ്ടി പോരാടിയ സ്വാമി ‘ജീവത്യാഗം’ ചെയ്തെന്നാണ് സുന്ദരേശ്വരൻ അനുയായികളെ അറിയിച്ചത്.