കൊച്ചി: വാളയാർ പീഡനക്കേസിൽ പെൺകുട്ടികളുടെ മാതാപിതാക്കളെ അറസ്റ്റ് ചെയ്യുന്നത് ഹൈക്കോടതി തടഞ്ഞു. സിബിഐ കുറ്റപത്രം റദ്ദാക്കണമെന്ന ഹർജിയിലാണ് ഹൈക്കോടതി സിംഗിൾ ബെഞ്ചിൻ്റെ നിർദേശം. വിചാരണക്കോടതിയിൽ നേരിട്ട് ഹാജരാകുന്നതിൽ നിന്ന് രക്ഷിതാക്കൾക്ക് കോടതി ഇളവ് അനുവദിച്ചിട്ടുണ്ട്.
തങ്ങൾക്കെതിരായ സിബിഐയുടെ നടപടി റദ്ദാക്കണമെന്നും കേസിൽ തുടരന്വേഷണം വേണമെന്നും കുട്ടികളുടെ മാതാപിതാക്കൾ ആവശ്യപ്പെട്ടു . കുട്ടികളുടെ മരണം ആത്മഹത്യയല്ല കൊലപാതകമാണെന്നും ഇത് സാധൂകരിക്കുന്ന തെളിവുകൾ സിബിഐ മുഖവിലയ്ക്കെടുത്തിട്ടില്ലെന്നുമാണ് ഹർജിയിലെ പ്രധാന വാദം.പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ലൈംഗികമായി പീഡിപ്പിക്കാൻ രക്ഷിതാക്കൾ ഗൂഢാലോചന നടത്തിയെന്നാണ് സിബിഐയുടെ കണ്ടെത്തൽ.
ലൈംഗികാതിക്രമത്തെ തുടർന്നുള്ള മാനസിക സമ്മർദമാണ് ആത്മഹത്യക്ക് കാരണമെന്നും സിബിഐ വാദിച്ചു. പെൺകുട്ടികളുടെ മാതാപിതാക്കളോട് ഏപ്രിൽ 25ന് ഹാജരാകാൻ കൊച്ചിയിലെ പ്രത്യേക സിബിഐ കോടതി നേരത്തെ നിർദേശിച്ചിരുന്നു. കേസിൽ മാതാപിതാക്കളെ രണ്ടും മൂന്നും പ്രതികളാക്കി സിബിഐ കുറ്റപത്രം സമർപ്പിച്ചു. പീഡനവിവരം അറിഞ്ഞ രക്ഷിതാക്കൾ മൗനം പാലിച്ചു. പോലീസിനെ ഉടൻ അറിയിച്ചില്ലെന്നും കുറ്റപത്രത്തിൽ പറയുന്നു.