കൊച്ചി: നടൻ ഷൈൻ ടോം ചാക്കോ പോലീസിന് നൽകിയ നിർണായക മൊഴികൾ പുറത്ത്. മെതാംഫെറ്റാമൈൻ, കഞ്ചാവ് എന്നീ രാസവസ്തുക്കൾ പതിവായി ഉപയോഗിക്കുന്നതായി ഷൈൻ സമ്മതിച്ചു. താൻ മുമ്പ് ഡി-അഡിക്ഷൻ സെൻ്ററിൽ ചികിത്സ തേടിയിട്ടുണ്ടെന്നും നടൻ പോലീസിനോട് വെളിപ്പെടുത്തി.താരത്തിന്റെ പിതാവ് ഇടപെട്ട് മകനെ കൂത്താട്ടുകുളത്തെ ഡീ അഡിക്ഷൻ സെൻ്ററിൽ എത്തിച്ചെങ്കിലും 12 ദിവസത്തിന് ശേഷം ഷൈൻ സ്ഥലം വിട്ടു.
വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിൽ നടൻ ഷൈൻ ടോം ചാക്കോയ്ക്കെതിരെ എൻഡിപിഎസ് ആക്ട് പ്രകാരം കേസെടുക്കാൻ പോലീസ് തീരുമാനിച്ചു. മയക്കുമരുന്ന് ഇടപാടുകാരൻ സജീറിനെ കണ്ടെത്തുന്നതിനായി പോലീസ് ഹോട്ടലിൽ എത്തിയിരുന്നു. സജീറിനെ അറിയാമെന്ന് ഷൈൻ സമ്മതിച്ചതായി റിപ്പോർട്ട്. ചോദ്യം ചെയ്യലിൽ ഷൈൻ വിറച്ചുവെന്നും പലപ്പോഴും അവ്യക്തമായ മൊഴികൾ നൽകിയെന്നും റിപ്പോർട്ടുണ്ട്.
ചോദ്യം ചെയ്യലിൽ സജീറിനെ അറിയാമോ എന്ന ചോദ്യത്തിന് ഇല്ലെന്നാണ് ഷൈൻ മറുപടി നൽകിയതെങ്കിലും സൈബർ രേഖകൾ ഹാജരാക്കിയപ്പോൾ സജീറിനെ അറിയാമെന്ന് സമ്മതിക്കേണ്ടി വന്നു. ഷൈൻ സജീറുമായി നടത്തിയ ചില ഫോൺകോളുകളുടെ വിശദാംശങ്ങൾ സൈബർ വിഭാഗം ഹാജരാക്കി. പിന്നീട് ചോദ്യം ചെയ്യലിനിടെ ഷൈനിന് പിടിച്ചുനിൽക്കാൻ കഴിയാതെ വന്നപ്പോൾ താൻ രാസവസ്തുക്കൾ ഉപയോഗിക്കാറുണ്ടെന്നും മയക്കുമരുന്ന് സംഘങ്ങളുമായി തനിക്ക് ഇടപാടുകളുണ്ടെന്നും വ്യക്തമാക്കി. ഇതോടെയാണ് ഇയാളെ അറസ്റ്റ് ചെയ്യാനുള്ള നടപടി പോലീസ് സ്വീകരിച്ചത്.

