കൊച്ചി: ഡാർക്ക്നെറ്റ് ശൃംഖലയിലൂടെ അന്താരാഷ്ട്ര മയക്കുമരുന്ന് വിപണിയിൽ സജീവമായിരുന്ന ദമ്പതികളെ നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ അറസ്റ്റ് ചെയ്തു. മൂവാറ്റുപുഴ സ്വദേശിയായ എഡിസന്റെ മയക്കുമരുന്ന് വ്യാപാരവുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ നിന്ന് ലഭിച്ച സൂചനയെ തുടർന്നാണ് ഡിയോളും ഭാര്യ അഞ്ജുവും പിടിയിലായത്. ദമ്പതികൾക്ക് എഡിസണുമായി ബന്ധമില്ലെന്ന് സൂചന.
തോട്ടം ഉടമകളായ ദമ്പതികളെ വാഗമണിൽ വെച്ചാണ് അറസ്റ്റ് ചെയ്തത്. പാഴ്സലായി ഇറക്കുമതി ചെയ്ത കെറ്റാമൈൻ എന്ന മരുന്നിന്റെ ചെറിയ ഭാഗങ്ങൾ അവർ ഓസ്ട്രേലിയയിലേക്ക് അയച്ചിരുന്നുവെന്നതാണ് പ്രാഥമിക വിവരം. രണ്ട് വർഷമായി ഇടപാട് നടന്നുവരികയായിരുന്നു. സൈബർ വിദഗ്ധർ അവരുടെ ലാപ്ടോപ്പുകൾ ഉൾപ്പെടെയുള്ള ഇലക്ട്രോണിക് ഉപകരണങ്ങൾ പരിശോധിച്ചുവരികയാണ്.
അതേസമയം, എഡിസണും , സുഹൃത്ത് അരുൺ തോമസും എൻസിബി പിടികൂടിയ ‘കെറ്റാമെലോൺ’ കൂടാതെ മറ്റ് സംഘങ്ങളുമായി എന്തെങ്കിലും ബന്ധമുണ്ടോ എന്ന് അന്വേഷിച്ചുവരികയാണ്. എഡിസണിന് മറ്റൊരു അന്താരാഷ്ട്ര മയക്കുമരുന്ന് വ്യാപാര റാക്കറ്റുമായി ബന്ധമുണ്ടെന്ന് സൂചനയുണ്ട്. ലോകത്തിലെ ഏറ്റവും വലിയ കെമിക്കൽ മയക്കുമരുന്ന് മാഫിയകളുമായി കരാറില്ലാതെ വിപുലമായ വ്യാപാരം നടത്താൻ കഴിയില്ലെന്നാണ് അധികൃതർ പറയുന്നത്. ഡോ. സിയൂസ് കാർട്ടലുമായി എഡിസണ് അടുത്ത ബന്ധമുണ്ടെന്നും ഈ കാർട്ടലിൽ നിന്നാണ് എഡിസണ് ആവശ്യമായ ലഹരി എത്തിച്ചു നൽകിയിരുന്നതെന്നും എൻസിബി നേരത്തെ കണ്ടെത്തിയിരുന്നു.

