കൊച്ചി: വിഴിഞ്ഞത്തുനിന്ന് കൊച്ചിയിലേക്ക് പോയ കണ്ടെയ്നര്‍ കപ്പല്‍ ആലപ്പുഴയ്ക്ക് സമീപത്ത് ഉള്‍ക്കടലില്‍ ചരിഞ്ഞു. ലൈബീരിയന്‍ പതാക വഹിക്കുന്ന എം.എസ്.സി. എല്‍സ 3 എന്ന കപ്പലാണ് അപകടത്തില്‍പ്പെട്ടത്. കപ്പലിലുണ്ടായിരുന്ന കണ്ടെയ്നറുകളിൽ ചിലത് കടലില്‍ വീണതോടെ കേരള തീരത്ത് ആശങ്ക പടർന്നിരിക്കുകയാണ്.
മറൈന്‍ ഓയിലും രാസവസ്തുക്കളുമാണ് കണ്ടെയ്നറുകളിൽ ഉണ്ടായിരുന്നത് എന്നാണ് വിവരം. ഇവ കടലില്‍ പരക്കാനിടയായാല്‍ അപകടകരമായ സാഹചര്യത്തിനിടയാക്കുമെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. വെള്ളിയാഴ്ചയാണ് കപ്പല്‍ വിഴിഞ്ഞത്തുനിന്ന് യാത്ര തിരിച്ചത്.
കപ്പലില്‍ 24 ജീവനക്കാരാണ് ഉണ്ടായിരുന്നത്. ഇവർ എല്ലാവരും സുരക്ഷിതരാണെന്നാണ് വിവരം. 184 മീറ്റര്‍ നീളവും 26 മീറ്റര്‍ വിസ്താരവുമുള്ള എം.എസ്.സി. എല്‍സ 3 എന്ന കപ്പലാണ് അപകടത്തിൽ പെട്ടിരിക്കുന്നത്. 1997 ല്‍ നിര്‍മ്മിച്ച കപ്പലാണിതെന്നാണ് റിപ്പോർട്ട്.
ഒരു റഷ്യന്‍ സ്വദേശിയും 20 ഫിലീപ്പിന്‍സ് സ്വദേശികളും യുക്രൈനില്‍ നിന്നുള്ള രണ്ടുപേരും ഒരു ജോര്‍ജിയ സ്വദേശിയുമാണ് കപ്പലിലുണ്ടായിരുന്നവര്‍. സള്‍ഫര്‍ അടങ്ങിയ ദ്രാവകം കണ്ടെയ്നറുകളില്‍ ഉള്ളതിനാല്‍ അപകടസാധ്യത നിലനിൽക്കുന്നുണ്ട്. അതിനാൽ സുരക്ഷാമുന്‍കരുതലിന്റെ ഭാഗമായി തീരപ്രദേശങ്ങളില്‍ ജാഗ്രതാനിര്‍ദേശം നല്‍കിയിട്ടുണ്ട്.

