തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലുമായി ബന്ധപ്പെട്ട വിഷയത്തിൽ കൂട്ടായ ചർച്ചകൾക്ക് ശേഷമേ പാർട്ടി തീരുമാനമെടുക്കൂ എന്ന് യുഡിഎഫ് കൺവീനർ അടൂർ പ്രകാശ് . രാഹുലിനെ സസ്പെൻഡ് ചെയ്തതിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആരോപണങ്ങളിൽ വിശദമായ അന്വേഷണം നടത്തും. കോൺഗ്രസിന് ഒരു കൂട്ടായ നേതൃത്വമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
‘ രാഹുലുമായി ബന്ധപ്പെട്ട വിഷയത്തിൽ പാർട്ടി പൂർണ്ണമായ തീരുമാനമെടുത്തിട്ടില്ല. ധാർമ്മിക ഉത്തരവാദിത്തം കൊണ്ടാണ് അദ്ദേഹം യൂത്ത് കോൺഗ്രസ് പ്രസിഡന്റ് സ്ഥാനം രാജിവച്ചത്. തീരുമാനം തെറ്റാണെന്ന് ഞാൻ കരുതുന്നില്ല. രാഹുൽ ഉചിതമായ തീരുമാനമെടുത്തു. വിഷയത്തിൽ അന്വേഷണം നടത്താതെ നമ്മുടെ എംഎൽഎ രാജിവയ്ക്കരുത്. ഇതിൽ വിശദമായ അന്വേഷണം ആവശ്യമാണ്. നമുക്ക് അന്വേഷിക്കാം.
നേതാക്കൾ രാജിവയ്ക്കണമെന്ന് ആഗ്രഹിക്കുന്നതുകൊണ്ട് മാത്രം രാഹുൽ രാജിവയ്ക്കണമെന്ന് ഞാൻ കരുതുന്നില്ല. കോൺഗ്രസിന് ഒരു കൂട്ടായ നേതൃത്വമുണ്ട്. ചർച്ചകൾ നടത്തിയ ശേഷം തീരുമാനമെടുക്കും. ചർച്ചകൾ നടത്തിയ ശേഷം കെപിസിസി പ്രസിഡന്റ് അത് പ്രഖ്യാപിക്കും, ‘അടൂർ പ്രകാശ് പറഞ്ഞു.
ദിവസങ്ങൾക്ക് മുൻപാണ് യുവനടി എം എൽ എ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ആരോപണവുമായി രംഗത്തെത്തിയത് . അതിനു പിന്നാലെ നിരവധി സ്ത്രീകൾ രാഹുലിനെതിരെ ആരോപണമുയർത്തി .നിരവധി സ്ത്രീകളുമായുള്ള രാഹുലിന്റെ സംഭാഷണങ്ങളുടെ വിശദാംശങ്ങൾ പിന്നീട് പുറത്തുവന്നു. ഇതോടെ എംഎൽഎ സ്ഥാനം രാജിവയ്ക്കാൻ രാഹുലിനു മേൽ സമ്മർദ്ദം വർദ്ധിച്ചു വരികയായിരുന്നു. പാർട്ടിയിൽ ചർച്ചകൾ നടക്കുന്നതിനിടയിൽ രാഹുലിനെ കോൺഗ്രസിൽ നിന്ന് ആറ് മാസത്തേക്ക് സസ്പെൻഡ് ചെയ്തു.

