മലപ്പുറം : വെള്ളം നിറഞ്ഞ ക്വാറിയിലേക്ക് ലോറി മറിഞ്ഞുണ്ടായ അപകടത്തിൽ ക്ലീനർ മുസ്തഫയുടെ മൃതദേഹം കണ്ടെടുത്തു. വാഹനത്തിന്റെ ക്യാബിനിൽ കുടുങ്ങി കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. കുറ്റിപ്പുറം ആതവനാടുള്ള ക്വാറിയിലാണ് അപകടം നടന്നത്. ഏകദേശം ഏഴ് മണിക്കൂർ നീണ്ടുനിന്ന രക്ഷാപ്രവർത്തനത്തിന് ശേഷമാണ് ലോറി വെള്ളത്തിൽ നിന്ന് പുറത്തെടുത്തത്. രക്ഷാപ്രവർത്തകർ ക്യാബിൻ മുറിച്ച് തുറന്നതിനു ശേഷമാണ് മുസ്തഫയുടെ മൃതദേഹം പുറത്തെടുത്തത്.
വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയാണ് ഊരോത്ത് പള്ളിയാലിൽ മലയിൽ ഫുഡ് പ്രോഡക്റ്റ്സിന്റെ ലോറി അപകടത്തിൽപ്പെട്ടത് . അപകടസമയത്ത് വെള്ളത്തിൽ ചാടിയ ഡ്രൈവർ ചട്ടിപ്പറമ്പ് സ്വദേശി ജാഫറിനെ നാട്ടുകാർ രക്ഷപ്പെടുത്തി. നട്ടെല്ലിന് ഗുരുതരമായി പരിക്കേറ്റ അദ്ദേഹത്തെ വളാഞ്ചേരിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആഴത്തിലുള്ള ക്വാറി വെള്ളത്തിലേക്ക് മുങ്ങിയ ലോറിയിൽ കുടുങ്ങിയ മുസ്തഫയെ നാട്ടുകാർ തെരഞ്ഞെങ്കിലും കണ്ടെത്താനായില്ല.
ഫയർ ആൻഡ് റെസ്ക്യൂ സർവീസസ്, സ്കൂബ ടീം, നീന്തൽ വിദഗ്ധർ, പോലീസ് എന്നിവർ തിരച്ചിൽ നടത്തി. ലോറി വെള്ളത്തിൽ നിന്ന് പുറത്തെടുക്കാൻ മൂന്ന് തവണ ശ്രമിച്ചെങ്കിലും ക്വാറിയുടെ ആഴം തടസമായി . മുസ്തഫയുടെ മൃതദേഹം മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ഡ്രൈവർക്ക് ലോറിയുടെ നിയന്ത്രണം നഷ്ടപ്പെട്ടതിനെ തുടർന്നാണ് അപകടം. മാലിന്യവും പ്ലാസ്റ്റിക്കും ഒപ്പം വെള്ളവും നിറഞ്ഞ കുഴിയിലേക്കാണ് വാഹനം മറിഞ്ഞത് . ക്വാറിക്ക് സമീപമുള്ള പ്രദേശത്ത് അപകടങ്ങൾ പതിവാണെന്ന് നാട്ടുകാർ പറഞ്ഞു.

