തിരുവനന്തപുരം: കോഴിക്കറിയുടെ ചൂട് കുറഞ്ഞെന്നാരോപിച്ച് ഹോട്ടൽ ഉടമയ്ക്ക് മർദ്ദനം . തിരുവനന്തപുരം നെയ്യാറ്റിൻകരയ്ക്കടുത്ത് അമരവിളയിലെ പുഴയോരം ഹോട്ടലിലാണ് സംഭവം. ശനിയാഴ്ച രാത്രിയാണ് ആക്രമണം നടന്നത്. സംഭവത്തിൽ ഹോട്ടൽ ഉടമ ദിലീപിന് പരിക്കേറ്റു. നെയ്യാറ്റിൻകര സ്വദേശി സജിൻദാസിൻ്റെ നേതൃത്വത്തിലുള്ള ഒമ്പതംഗ സംഘം അത്താഴം കഴിക്കാൻ ഹോട്ടലിൽ എത്തിയിരുന്നു.
സജിനും സംഘവും ഓർഡർ ചെയ്ത ചിക്കൻ കറി മേശയിലേക്ക് വിളമ്പുമ്പോൾ വേണ്ടത്ര ചൂടുണ്ടായിരുന്നില്ലെന്നാണ് ആരോപണം. ഇതേത്തുടർന്ന് ഹോട്ടലിൽ ഇരുവിഭാഗവും തമ്മിൽ തർക്കമുണ്ടായി. ഇതിനിടയിൽ കടയിൽ നിന്ന് സോഡാ കുപ്പിയുമായി സംഘം ദിലീപിനെ ആക്രമിക്കുകയായിരുന്നു. മർദനത്തിൽ പരിക്കേറ്റ ദിലീപിനെ നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിലും പിന്നീട് നെയ്യാറ്റിൻകരയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
പിന്നാലെ നെയ്യാറ്റിൻകര പോലീസ് സ്റ്റേഷനിൽ സജിൻ ദാസും സംഘവും സോഡാ കുപ്പി കൊണ്ട് ക്രൂരമായി മർദ്ദിച്ച് പരിക്കേൽപ്പിച്ചതായി കാട്ടി ദിലീപ് പരാതിയും നൽകി. സജിൻ ദാസ്, പ്രവീൺ എന്നിവരുൾപ്പെടെ ഒമ്പത് പേർക്കെതിരെയാണ് ദിലീപ് പരാതി നൽകിയിരിക്കുന്നത്. സംഭവത്തിൽ അന്വേഷണം നടത്തിവരികയാണെന്ന് നെയ്യാറ്റിൻകര പോലീസ് അറിയിച്ചു