കൽപറ്റ: എക്സൈസ് കേസിൽ അറസ്റ്റിലായ റിപ്പോർട്ടർ ചാനൽ എം.ഡി. ആന്റോ അഗസ്റ്റിന്റെ വീട്ടിലെ സി.സി.ടി.വി. ദൃശ്യങ്ങൾ നീക്കം ചെയ്തതായി എക്സൈസ് വകുപ്പ് കണ്ടെത്തി. വയനാട് വാഴവറ്റയിലുള്ള ആന്റോയുടെ വീട്ടിൽ സ്ഥാപിച്ചിരുന്ന 22 ക്യാമറകളിലെയും ദൃശ്യങ്ങൾ നീക്കം ചെയ്തതായാണ് എക്സൈസ് വകുപ്പ് പറയുന്നത്.
ദൃശ്യങ്ങൾ അടങ്ങിയ ഡി.വി.ആറും കാണാതായിട്ടുണ്ട്. തെളിവെടുപ്പിനായി ആന്റോ അഗസ്റ്റിനെ വീട്ടിലെത്തിച്ചപ്പോഴാണ് ഈ വിവരങ്ങൾ പുറത്തറിഞ്ഞത്. തെളിവ് നശിപ്പിക്കാനായി ഡി.വി.ആർ നീക്കം ചെയ്തതാകാമെന്നാണ് സംശയം. ആന്റോ അഗസ്റ്റിന്റെ ജാമ്യാപേക്ഷ കോടതി നാളെ പരിഗണിക്കും.
വാദത്തിനിടെ പ്രോസിക്യൂഷൻ ഇക്കാര്യങ്ങൾ ഉന്നയിക്കാൻ സാധ്യതയുണ്ട്. അനുവദനീയമായ അളവിൽ കൂടുതൽ മദ്യം കൈവശം വെച്ചെന്നാരോപിച്ച് അറസ്റ്റിലായ ആന്റോ അഗസ്റ്റിനെ 24 മണിക്കൂർ കസ്റ്റഡിയിൽ വിട്ടുകിട്ടാൻ ബത്തേരി കോടതി എക്സൈസ് വകുപ്പിന് അനുമതി നൽകിയിരുന്നു. ചോദ്യം ചെയ്യലിനും തെളിവെടുപ്പിനുമായാണ് കസ്റ്റഡി അനുവദിച്ചത്. ചോദ്യം ചെയ്യലിൽ, വാഴവറ്റയിലെ വീട് തന്റെ പേരിലല്ലെന്നും അവിടെ സൂക്ഷിച്ചിരുന്ന മദ്യത്തെക്കുറിച്ച് തനിക്ക് അറിവില്ലെന്നും ആന്റോ ആവർത്തിച്ചു.
ബാങ്ക് ജപ്തി ചെയ്ത വീട് തന്റെ ഭാര്യാമാതാവായ ലില്ലി, സർഫാസി നിയമപ്രകാരം നടന്ന ലേലത്തിലാണ് വാങ്ങിയതെന്ന് അദ്ദേഹം പറഞ്ഞു. താൻ മദ്യം ഉപയോഗിക്കാറില്ലെന്നും വീട്ടിൽ നിന്ന് പിടിച്ചെടുത്ത മദ്യത്തെക്കുറിച്ച് അറിവില്ലെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം, വാഴവറ്റയിലെ വീട് അനധികൃത നിർമ്മാണമാണെന്ന് കാണിച്ച് പഞ്ചായത്ത് നൽകിയ ‘സ്റ്റോപ്പ് മെമ്മോ’യും പുറത്തുവന്നിട്ടുണ്ട്.
ജി.എസ്.ടി. വകുപ്പിന് നൽകിയ വിലാസമായി ആന്റോ അഗസ്റ്റിൻ വാഴവറ്റയിലെ വീടാണ് കാണിച്ചിരുന്നതെന്ന് വ്യക്തമാക്കുന്ന രേഖയും ലഭിച്ചിട്ടുണ്ട്. പഞ്ചായത്ത് രേഖകളിലും കെ.എസ്.ഇ.ബി.യുടെ വൈദ്യുതി കണക്ഷൻ രേഖകൾ ഉൾപ്പെടെയുള്ള മറ്റ് രേഖകളിലും വീട് ആന്റോയുടെ പേരിലാണുള്ളതെന്ന് എക്സൈസ് വകുപ്പ് അറിയിച്ചു

