തിരുവനന്തപുരം: കഴിഞ്ഞ 20 ദിവസമായി വിമാനത്താവളത്തിൽ കുടുങ്ങിക്കിടക്കുന്ന ബ്രിട്ടീഷ് എഫ്-35 യുദ്ധവിമാനത്തിന്റെ സാങ്കേതിക തകരാർ പരിഹരിക്കുന്നതിനായി ബ്രിട്ടീഷ് നാവിക സേനയിൽ നിന്നും യുഎസ് എയ്റോസ്പേസ് കമ്പനിയായ ലോക്ക്ഹീഡ് മാർട്ടിൻ നിന്നുമുള്ള 40 അംഗ എഞ്ചിനീയർമാരുടെ സംഘം ശനിയാഴ്ച തിരുവനന്തപുരത്ത് എത്തും.
നിലവിൽ, വിമാനത്തിന് സമീപം കുറച്ച് ബ്രിട്ടീഷ് നാവികസേനാംഗങ്ങൾ നിലയുറപ്പിച്ചിട്ടുണ്ട്, പക്ഷേ അവർക്ക് അതിലേക്ക് പ്രവേശിക്കാൻ അനുമതിയില്ല. ഇന്ധനക്കുറവും സാങ്കേതിക തകരാറും കാരണം ജൂൺ 14 നാണ് ജെറ്റ് അടിയന്തര ലാൻഡിംഗ് നടത്തിയത്. മൂന്ന് സാധ്യതകളാണ് സംഘം പരിഗണിക്കുന്നത് . വിമാനത്താവളത്തിലെ പാർക്കിംഗ് ബേയിൽ തന്നെ വിമാനം നന്നാക്കുക എന്നതിനാണ് മുൻ ഗണന . അറ്റകുറ്റപ്പണികൾക്കായി എയർ ഇന്ത്യയുടെ ഹാംഗറിലേക്ക് മാറ്റാനും ആലോചനയുണ്ട്. രണ്ടും സാധ്യമല്ലെങ്കിൽ, ചിറകുകൾ പൊളിച്ച് ഗ്ലോബ്മാസ്റ്റർ വിമാനം ഉപയോഗിച്ച് എയർലിഫ്റ്റ് ചെയ്യുക. വിമാനം എയർലിഫ്റ്റ് ചെയ്യണമെങ്കിൽ, വിമാനത്താവളത്തിൽ പാർക്കിംഗ്, കൈകാര്യം ചെയ്യൽ, ലാൻഡിംഗ് എന്നിവയുമായി ബന്ധപ്പെട്ട എല്ലാ ചെലവുകളും ബ്രിട്ടീഷ് സേന വഹിക്കും
77 ടൺ വരെ വഹിക്കാൻ കഴിവുള്ള സി-17 ഗ്ലോബ്മാസ്റ്ററിന് രണ്ട് എഫ്-35 യുദ്ധവിമാനങ്ങൾ വരെ ഉൾക്കൊള്ളാൻ കഴിയും. എങ്കിലും, എഫ്-35 ന് 14 മീറ്റർ നീളവും 11 മീറ്റർ വീതിയും ഉള്ളതിനാലും, ഗ്ലോബ്മാസ്റ്ററിന്റെ കാർഗോ ബേയ്ക്ക് 4 മീറ്റർ വീതി മാത്രമുള്ളതിനാലും , എയർലിഫ്റ്റ് ചെയ്യുന്നതിനു മുൻപായി ചിറകുകൾ നീക്കം ചെയ്യേണ്ടിവരും. ജെറ്റ് ഹാംഗറിലേക്ക് മാറ്റാൻ വിദഗ്ധ സംഘം പ്രത്യേക ടോവിംഗ് ഉപകരണങ്ങൾ കൊണ്ടുവരുന്നുണ്ട്. വിമാനത്തിന് ഗുരുതരമായ ഹൈഡ്രോളിക് തകരാർ ഉണ്ടെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
115 മില്യൺ ഡോളറാണ് (ഏകദേശം 995 കോടി രൂപ), എഫ്-35 ന്റെ വില . മാത്രമല്ല യുഎസ് അതിന്റെ കോർ സാങ്കേതികവിദ്യ മറ്റ് രാജ്യങ്ങളുമായി പങ്കിട്ടുമില്ല . ഇത് അറ്റകുറ്റപ്പണികളിൽ കാലതാമസത്തിന് കാരണമായി.