തിരുവനന്തപുരം: ആറ്റുകാല്‍ പൊങ്കാലക്കെത്തുന്ന ഭക്തര്‍ക്കായി പ്രത്യേക സര്‍വീസുകളും അധിക സ്റ്റോപ്പുകളും അടക്കം സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തി ദക്ഷിണ റെയില്‍വേ. എറണാകുളം ജംഗ്ഷന്- തിരുവനന്തപുരം സെന്‍ട്രല്‍, തിരുവനന്തപുരം സെന്‍ട്രല്‍- നാഗര്‍കോവില്‍ ജംഗ്ഷന് എന്നീ റൂട്ടുകളില്‍ അധിക ട്രെയിന്‍ സര്‍വീസുകള്‍ നടത്തും.
മാര്‍ച്ച് 3ന് കൊല്ലത്തേക്കുള്ള ട്രെയിനുകള്‍ ഒന്ന് മുതല്‍ നാല് വരെയുള്ള പ്ലാറ്റ്ഫോമുകളില്‍ നിന്നായിരിക്കും പുറപ്പെടുക. നാഗര്‍കോവിലിലേക്കുള്ള ട്രെയിനുകള്‍ അഞ്ചാം നമ്പര്‍ പ്ലാറ്റ്ഫോമില്‍ നിന്നും പുറപ്പെടും. ടിക്കറ്റ് ബുക്കിംഗ് എളുപ്പമാക്കുന്നതിന് പ്രവേശന, എക്സിറ്റ് പോയിന്റുകളില്‍ അധിക ടിക്കറ്റ് കൗണ്ടറുകള്‍ തുറക്കും.
തിരുവനന്തപുരം സെന്‍ട്രലിലെ പ്ലാറ്റ്ഫോമുകളില്‍ റിസര്‍വ് ചെയ്യാത്ത ടിക്കറ്റിംഗ് സിസ്റ്റം (യുടിഎസ്) , യുടിഎസ് ഓണ്‍-മൊബൈല്‍ ക്യൂ ആര് കോഡ് കൗണ്ടറുകള്‍ എന്നിവ സജ്ജമാക്കും. റെയില്‍വേ പൊലീസ് , ലോക്കല്‍ പോലീസ്, മറ്റ് അധികാരികള്‍ എന്നിവയുമായി ചേര്‍ന്ന് റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്സ് യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കും. പ്രധാന സ്ഥലങ്ങളില്‍ മെഡിക്കല്‍, സുരക്ഷാ ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടുന്ന പ്രത്യേക ടീമുകളും ഉണ്ടാകും.

