തിരുവനന്തപുരം: ഈ വർഷത്തെ ആറ്റുകാല്‍ പൊങ്കാല മാര്‍ച്ച് 3ന് . ഫെബ്രുവരി 23ന് ദേവിയെ കാപ്പുകെട്ടി കുടിയിരുത്തും. കലാപരിപാടികളുടെ ഉദ്ഘാടനം 23ന് രാത്രി 8ന് ചലച്ചിത്രതാരം മോഹന്‍ലാല്‍ നിര്‍വഹിക്കും. അംബാ പുരസ്കാരം നല്കി നടന് മോഹന്‍ലാലിനെ ആദരിക്കും. തുടര്‍ന്ന് രാത്രി 10ന് നന്ദഗോവിന്ദം ഭജന്‍സിന്റെ പ്രത്യേക പരിപാടി.
പൊങ്കാല ദിവസമായ 3ന് രാവിലെ 9.45ന് പണ്ടാര അടുപ്പില്‍ തീ പകരും. ഉച്ചയ്ക്ക് 2.15ന് പൊങ്കാല നിവേദ്യം. തുടര്‍ന്ന് ഉഷഃശ്രീബലി, ഉച്ചശ്രീബലി. 3.10ന് നട അടയ്ക്കല്‍. രാത്രി 7ന് നടതുറക്കല്‍, 7.30ന് ദീപാരാധന, 8.30ന് കുത്തിയോട്ടം, ചൂരല്‍ കുത്ത്, 10.45ന് പുറത്തെഴുന്നള്ളിപ്പ്. പത്താം ഉത്സവദിവസമായ മാര്‍ച്ച് നാലിന് രാവിലെ 8ന് അകത്തെഴുന്നള്ളിപ്പ്, രാത്രി 9.45ന് കാപ്പഴിപ്പ്, 10.15ന് നടഅടയ്ക്കല്‍, പള്ളിയുറക്കം. 12.45ന് നടക്കുന്ന കുരുതി തര്‍പ്പണത്തോടെ ഉത്സവചടങ്ങുകള്‍ക്ക് സമാപനമാകും. ചടങ്ങുകള്‍ക്ക് തന്ത്രി വാസുദേവന്‍ ഭട്ടതിരിപ്പാട്, മേല്‍ശാന്തി അനീഷ് നമ്പൂതിരി എന്നിവര്‍ മുഖ്യകാര്‍മികത്വം വഹിക്കും.
ആറ്റുകാല്‍ പൊങ്കാല ദിവസമായ മാര്‍ച്ച് 3ന് ചന്ദ്രഗ്രഹണമായതിനാല്‍ വൈകിട്ട് 3.10 മുതല്‍ 7 മണി വരെ ദേവീദര്‍ശനം ഉണ്ടായിരിക്കില്ല. താലപ്പൊലി നേര്‍ച്ചയുള്ള കുട്ടികള്‍ ഉച്ചയ്ക്ക് 1.30ന് മുമ്പ് ക്ഷേത്രത്തില്‍ എത്തണമെന്ന് ക്ഷേത്ര ഭാരവാഹികള്‍ അറിയിച്ചു.പൊങ്കാലയോട് അനുബന്ധിച്ച് കോർപ്പറേഷൻ പരിധിയിലെ എല്ലാ വാർഡുകളിലും വെങ്ങാനൂർ ഗ്രാമപഞ്ചായത്തിലെ വെള്ളാർ വാർഡിലും മദ്യനിരോധനം ഏർപ്പെടുത്തി. പൊങ്കാലയുടെ തലേ ദിവസമായ മാർച്ച് രണ്ടിന് വൈകുന്നേരം ആറു മുതൽ പൊങ്കാല ദിവസമായ മാർച്ച് മൂന്നിന് വൈകിട്ട് ആറു വരെയാണ് മദ്യനിരോധനം.

