കോഴിക്കോട്: വടകര കാഫിർ സ്ക്രീൻഷോട്ട് കേസിൽ ഡിവൈഎഫ്ഐ നേതാവ് അറസ്റ്റിൽ. ഡിവൈഎഫ്ഐ വടകര ടൗൺ റീജിയണൽ ബ്ലോക്ക് കമ്മിറ്റി അംഗവും കണ്ണൻകുഴി ബ്രാഞ്ച് അംഗവുമായ അമലിനെയാണ് പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്.
റെഡ് ബറ്റാലിയൻ എന്ന വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ വ്യാജ കാഫിർ സ്ക്രീൻഷോട്ട് പങ്കുവെച്ച കേസിലാണ് അമലിനെ അറസ്റ്റ് ചെയ്തത്. അന്വേഷണ സംഘം നേരത്തെ അമലിനെ ചോദ്യം ചെയ്തിരുന്നു. സ്ക്രീൻഷോട്ട് പ്രചരിപ്പിച്ചതിൽ അമലിനും പങ്കുണ്ടെന്ന് എസ്ഐടി കണ്ടെത്തി. കേസിൽ ഡിവൈഎഫ്ഐ പ്രവർത്തകൻ ജിതിൻ ഭാസ്കറിനെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. റിമാൻഡ് ചെയ്യപ്പെട്ട ജിതിന് 18 ദിവസത്തിന് ശേഷം കർശന ഉപാധികളോടെ കോഴിക്കോട് ജില്ലാ സെഷൻസ് കോടതി ജാമ്യം അനുവദിച്ചു.
ജയിൽ മോചിതനായ ശേഷം സിപിഎമ്മിന്റെ പ്രവർത്തകർ ജിതിന് നൽകിയ സ്വീകരണം വലിയ വിവാദത്തിന് തിരികൊളുത്തിയിരുന്നു. ജൂൺ 16 നാണ് എസ്ഐടി ജിതിനെ അറസ്റ്റ് ചെയ്തത്. ജിതിൻ ഡിവൈഎഫ്ഐ ബ്ലോക്ക് കമ്മിറ്റി അംഗവും സിപിഎം ലോക്കൽ കമ്മിറ്റി അംഗവുമാണ്. കേസ് പൂർണ്ണമായും രാഷ്ട്രീയ പ്രേരിതമാണെന്നാണ് ഡിവൈഎഫ്ഐയുടെ പ്രതികരണം.
ജിതിന് ഇതിൽ പങ്കില്ലെന്ന് ഡിവൈഎഫ്ഐ അവകാശപ്പെട്ടിരുന്നു. എന്നാൽ, ജിതിൻ തന്നെയാണ് സ്ക്രീൻഷോട്ട് നിർമ്മിച്ച് പ്രചരിപ്പിച്ചതെന്നാണ് പോലീസിന്റെ വിശദീകരണം.

