ന്യൂഡൽഹി : സോനം വാങ്ചുകിനെ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് ഭാര്യ ഗീതാഞ്ജലി ഡി. ആങ്മോ സഫ്ദർജംഗ് ആശുപത്രിയിലെ മെഡിക്കൽ സൂപ്രണ്ടിന് കത്തെഴുതി. മെഡിക്കൽ പരിശോധനാ റിപ്പോർട്ടിന്റെ പകർപ്പ് നൽകാൻ ആശുപത്രി വിസമ്മതിച്ചതായും വാങ്ചുകിനെ നിരീക്ഷിക്കുന്ന പതിവ് ഡോക്ടർമാർ അദ്ദേഹത്തെ കാണാൻ അനുവദിച്ചില്ലെന്നും അവർ ആരോപിച്ചു.
വാങ്ചുകിന്റെ പൊട്ടാസ്യം അളവ് 4.3 ൽ നിന്ന് 2.9 ആയി കുറഞ്ഞുവെന്നും ഇത് കുടുംബത്തിന് ആശങ്കയുണ്ടാക്കുന്നുവെന്നും കത്തിൽ പറയുന്നു. മെച്ചപ്പെട്ട ചികിത്സയ്ക്ക് മറ്റൊരു മെഡിക്കൽ സെന്ററിലേക്ക് മാറ്റണമെന്നും അവർ അഭ്യർത്ഥിച്ചു. അതേസമയം, ആശുപത്രിക്കും ജന്തർ മന്തറിനും ചുറ്റുമുള്ള സുരക്ഷാ ക്രമീകരണങ്ങൾ കർശനമാക്കിയിട്ടുണ്ട്.
ശനിയാഴ്ച രാവിലെയാണ് മെഡിക്കൽ സംഘം വാങ്ചുകിന്റെ പൊട്ടാസ്യം അളവ് 2.9 ആയി കുറഞ്ഞതായി റിപ്പോർട്ട് ചെയ്തിരുന്നു. അതിനു പിന്നാലെയാണ് വാങ്ചുക്കിനെ അറസ്റ്റ് ചെയ്തത്.
സോനം വാങ്ചുകിന്റെ മെഡിക്കൽ പരിശോധനാ റിപ്പോർട്ടുകളുടെ ഡിജിറ്റൽ, ഹാർഡ് കോപ്പികൾ ആശുപത്രി അധികൃതരിൽ നിന്ന് ആവശ്യപ്പെട്ടെങ്കിലും അവ നൽകിയില്ലെന്ന് ഗീതാഞ്ജലി ഡി. ആങ്മോ ആരോപിച്ചു. അതുകൊണ്ട് ആശുപത്രിയിലുള്ള കുടുംബത്തിന്റെ വിശ്വാസം നഷ്ടപ്പെട്ടു . കൃത്യമായ മെഡിക്കൽ വിലയിരുത്തലിനായി വാങ്ചുകിനെ മറ്റൊരു ആശുപത്രിയിൽ പ്രവേശിപ്പിക്കാനുള്ള ക്രമീകരണങ്ങൾ ചെയ്യണമെന്നും അവർ ആവശ്യപ്പെട്ടു.

