തിരുവനന്തപുരം: കാറും ബൈക്കും കൂട്ടിയിടിച്ച് രണ്ട് യുവാക്കൾക്ക് ഗുരുതരമായി പരിക്കേറ്റ കേസിൽ, കാർ ഓടിച്ചിരുന്ന നടൻ മണിയൻപിള്ള രാജുവിനെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കി സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു. കാർ പോലീസ് കസ്റ്റഡിയിലെടുത്തു.അപകടത്തിന് ശേഷം, കാർ നിർത്താതെ മണിയൻ പിള്ള രാജു ടെന്നീസ് ക്ലബ്ബിലേക്ക് പോകുകയും അവിടെ നിന്ന് വീട്ടിലേക്ക് പോകുകയും ചെയ്തു. കാറിന്റെ മുൻവശത്തെ ബമ്പർ പൂർണ്ണമായും തകർന്നു. നമ്പർ പ്ലേറ്റും തകർന്നിട്ടുണ്ട്. KL 01CJ 0004 എന്ന രജിസ്ട്രേഷൻ നമ്പറുള്ള വോൾവോ കാറാണ് അപകടത്തിൽപ്പെട്ടത്.
ഗുരുതരമായ കുറ്റങ്ങൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത് . ഭയം കാരണം കാർ നിർത്തിയില്ലെന്നാണ് മണിയൻ പിള്ള രാജു പറയുന്നത് . മനുഷ്യജീവന് ഭീഷണിയാകുന്ന രീതിയിൽ വാഹനമോടിക്കുക, പരിക്കേറ്റവർക്ക് പ്രഥമശുശ്രൂഷ നൽകാതിരിക്കുക, അപകട വിവരം കൃത്യസമയത്ത് പോലീസിനെ അറിയിക്കാതിരിക്കുക തുടങ്ങിയ കുറ്റങ്ങളാണ് എഫ്ഐആറിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
ഇന്നലെ രാത്രി 10 മണിയോടെ ട്രിവാൻഡ്രം ക്ലബ്ബിന് മുന്നിലാണ് അപകടം നടന്നത്. പിന്നാലെ പോലീസ് രാത്രിയിൽ മണിയൻപിള്ള രാജുവിന്റെ വീട്ടിലെത്തിയെങ്കിലും വീട് പൂട്ടിയിരിക്കുകയായിരുന്നു. അദ്ദേഹത്തിന്റെ ഫോൺ സ്വിച്ച് ഓഫ് ആയിരുന്നുവെന്നും പോലീസ് അറിയിച്ചു.കാർ പിന്നീട് കവടിയാറിലെ ടെന്നീസ് ക്ലബ്ബിന് പിന്നിൽ നിന്ന് കണ്ടെത്തി. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ നിവേദ് കൃഷ്ണയും സൂരജും തിരുവനന്തപുരം സ്വദേശികളാണ്. നിവേദിന് തലയ്ക്ക് പരിക്കേറ്റു, രണ്ട് കാലുകൾക്കും ഒടിവ് സംഭവിച്ചു. സൂരജിന്റെ നട്ടെല്ലിന് പരിക്കേറ്റു.
താൻ ഒരു ഒരു ചടങ്ങിൽ പങ്കെടുത്ത് മടങ്ങുന്നതിനിടെയാണ് അപകടം സംഭവിച്ചതെന്നാണ് മണിയൻപിള്ള രാജു പറഞ്ഞത് . ‘ ഞാൻ മദ്യപിച്ചിരുന്നില്ല. ട്രിവാൻഡ്രം ക്ലബ്ബിൽ നിന്ന് ഇറങ്ങുമ്പോഴാണ് അപകടം സംഭവിച്ചത്. വാഹനമില്ലെന്ന് ഉറപ്പാക്കിയ ശേഷം ഞാൻ റോഡിലേക്ക് കയറി. റോഡ് മുറിച്ചുകടന്ന് വളവിനടുത്തെത്തിയപ്പോൾ, വളരെ വേഗത്തിൽ ഒരു ബൈക്ക് വന്നു കാറിൽ ഇടിച്ചു. ഇരുവരും റോഡിൽ വീണു. ഭയം കാരണം ഞാൻ നിർത്തിയില്ല. രാവിലെ പോലീസ് സ്റ്റേഷനിൽ പോയി അപകടത്തെക്കുറിച്ച് അറിയിച്ചു. കാറിൽ ഞാൻ ഒറ്റയ്ക്കായിരുന്നു. കാർ ജവഹർ നഗറിലാണ്,’ നടൻ പറഞ്ഞു. അപകടത്തിൽ പരിക്കേറ്റ യുവാക്കളെ ആദ്യം തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.

