മലപ്പുറം: മോർഫിംഗ് കേസിൽ പ്രതിയായ യുവാവ് ആത്മഹത്യയ്ക്ക് ശ്രമിച്ചു. തിരുവനന്തപുരം തിരുമല സ്വദേശിയായ സുബിൻ ബാബു (26) ആണ് മലപ്പുറത്തെ ലോഡ്ജിൽ വെച്ച് കൈഞരമ്പ് മുറിച്ച് ജീവനൊടുക്കാൻ ശ്രമിച്ചത്. സംഭവം കണ്ട ലോഡ്ജിലെ താമസക്കാർ ഉടൻ തന്നെ ഇയാളെ ആശുപത്രിയിലെത്തിച്ചു. യുവാവിന്റെ ആരോഗ്യനില നിലവിൽ തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. വിവരമറിഞ്ഞ് ബന്ധുക്കൾ മലപ്പുറത്തെത്തി.
ഈ കേസിൽ അറസ്റ്റിലായ സുബിന് കോടതി ജാമ്യം അനുവദിച്ചിരുന്നു. മലപ്പുറം വിട്ടുപോകാൻ പാടില്ലെന്ന ജാമ്യവ്യവസ്ഥയുള്ളതിനാൽ സ്വകാര്യ ലോഡ്ജിലാണ് താമസിച്ചിരുന്നത്. അന്വേഷണ ഉദ്യോഗസ്ഥർ ആവശ്യപ്പെടുമ്പോഴെല്ലാം ഹാജരാകണമെന്നും നിർദ്ദേശമുണ്ടായിരുന്നു.
തിരുവനന്തപുരം സ്വദേശിയായ സുബിൻ ബാബു മൊബൈൽ ഫോൺ ടെക്നീഷ്യനാണ്. മലബാർ മേഖലയിലെ കോളേജ് വിദ്യാർത്ഥികളെ ലക്ഷ്യമിട്ട് വ്യാജ അക്കൗണ്ടുകൾ ഉണ്ടാക്കുകയും, അവരുടെ ഇൻസ്റ്റാഗ്രാം പ്രൊഫൈലുകളിൽ നിന്ന് ഫോട്ടോകൾ ശേഖരിച്ച് അവ മോർഫ് ചെയ്ത് പ്രചരിപ്പിക്കുകയും ചെയ്തു എന്നതാണ് ഇയാൾക്കെതിരായ കേസ്. സാമ്പത്തിക നേട്ടത്തിനുവേണ്ടിയാണ് ഈ കൃത്യങ്ങൾ ചെയ്തതെന്ന് പോലീസ് പറഞ്ഞു.
ആദ്യഘട്ട ചോദ്യം ചെയ്യലിൽ, താനല്ല ഫോട്ടോകൾ മോർഫ് ചെയ്തതെന്നും പണമുണ്ടാക്കാൻ മറ്റൊരാളാണ് ചിത്രങ്ങൾ നൽകിയതെന്നും സുബിൻ പോലീസിനോട് പറഞ്ഞിരുന്നു. എന്നാൽ പിന്നീട് ഇയാൾ കുറ്റം സമ്മതിച്ചു. മലപ്പുറത്തെ പത്തിലധികം കോളേജുകളിൽ നിന്ന് ഇതുസംബന്ധിച്ച പരാതികൾ ലഭിച്ചിരുന്നു. പോലീസ് ‘മെറ്റ’യുമായി ബന്ധപ്പെട്ട് അക്കൗണ്ടുകളും പ്രവർത്തനങ്ങളും സംബന്ധിച്ച വിവരങ്ങൾ ശേഖരിക്കുകയും ചെയ്തിരുന്നു. ഈ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് സുബിൻ ബാബുവിനെ അറസ്റ്റ് ചെയ്തത്.

