ഇസ്ലാമാബാദ് ; ഹൂത്തികളെ ആക്രമിക്കുന്നതിനെക്കുറിച്ച് ഒരു ചർച്ചയും നടന്നിട്ടില്ലെന്ന് പാകിസ്ഥാൻ . സൗദി അറേബ്യയെ ആക്രമിച്ചാൽ വിഷയം വെറും വാചാടോപത്തിൽ ഒതുങ്ങില്ലെന്ന് കഴിഞ്ഞ ദിവസം പാകിസ്ഥാൻ ഹൂത്തികൾക്ക് മുന്നറിയിപ്പ് നൽകിയിരുന്നു. ഒപ്പം സൗദി അറേബ്യയ്ക്കെതിരായ ആക്രമണങ്ങൾ വർദ്ധിച്ചാൽ പുതിയ മക്ക പ്രതിരോധ ഉടമ്പടി സജീവമാക്കുമെന്നും പാകിസ്ഥാൻ പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ് മുന്നറിയിപ്പ് നൽകിയിരുന്നു. ഈ നിലപാടിൽ നിന്നാണ് പാകിസ്ഥാൻ ഇപ്പോൾ മലക്കം മറിഞ്ഞിരിക്കുന്നത്.
നിലവിൽ ഒരു സൈനിക നടപടിയും ചർച്ച ചെയ്യുന്നില്ലെന്നാണ് പാകിസ്ഥാൻ വ്യക്തമാക്കിയിരിക്കുന്നത് . “ഇപ്പോൾ ഇതുപോലുള്ള ഒന്നും ചർച്ച ചെയ്യുന്നില്ല. ശരിയായ സമയം വരുമ്പോൾ കരാർ അനുസരിച്ച് ഞങ്ങൾ നടപടിയെടുക്കും” എന്ന് പ്രതിവാര മാധ്യമസമ്മേളനത്തിലെ ഒരു ചോദ്യത്തിന് മറുപടിയായി പാകിസ്ഥാൻ വിദേശകാര്യ മന്ത്രാലയ വക്താവ് സജ്ജാദ് ഹൈദർ ഖാൻ പറഞ്ഞു.
പാകിസ്ഥാൻ, സൗദി അറേബ്യ, തുർക്കി എന്നിവ തമ്മിലുള്ള പ്രതിരോധ കരാറാണ് മക്ക പ്രതിരോധ ഉടമ്പടി . മൂന്ന് അംഗങ്ങളിൽ ഏതെങ്കിലും ഒന്നിനെതിരെയുള്ള സായുധ ആക്രമണം മറ്റ് അംഗങ്ങൾക്കെതിരായ ആക്രമണമായി കണക്കാക്കപ്പെടുന്നു എന്നതാണ് ഇതിന്റെ അടിസ്ഥാന തത്വം. ഹൂത്തികൾക്ക് മുന്നറിയിപ്പ് നൽകാൻ പാകിസ്ഥാൻ ഈ കരാർ ഉപയോഗിച്ചുവെങ്കിലും തിരിച്ചടിക്കാനുള്ള സാധ്യത ഇല്ലെന്ന് ഇപ്പോൾ വ്യക്തമായിരിക്കുകയാണ്.
സൗദി അറേബ്യയ്ക്കെതിരായ ആക്രമണം തുടർന്നാൽ പാകിസ്ഥാൻ എന്തുചെയ്യുമെന്ന ചോദ്യത്തിന്, സൈനിക പ്രതികരണത്തെക്കുറിച്ച് ഇപ്പോൾ ചർച്ച ചെയ്തിട്ടില്ലെന്നും സമയമാകുമ്പോൾ കരാറിന് അനുസൃതമായി നടപടിയെടുക്കുമെന്നും പാക് വിദേശകാര്യ മന്ത്രാലയം പറഞ്ഞു.
ഇറാൻ-യുഎസ് യുദ്ധത്തിൽ പാകിസ്ഥാൻ മധ്യസ്ഥനായി പ്രവർത്തിക്കുന്നതിനാലാണ് സൗദിയ്ക്കെതിരായ ആക്രമണത്തോട് കണ്ണടച്ചിരിക്കുന്നതെന്നാണ് സൂചന . ഹൂത്തി വിമതർക്ക് ഇറാന്റെ പിന്തുണയുണ്ട്. അതുകൊണ്ട് തന്നെ പാകിസ്ഥാൻ ഹൂത്തികളെ ആക്രമിച്ചാൽ, അത് സൈനിക പ്രത്യാഘാതങ്ങൾ ഉണ്ടാക്കുക മാത്രമല്ല, ഇറാന്റെ വിശ്വാസം നഷ്ടപ്പെടുത്തുകയും ചെയ്യും.
സൗദി അറേബ്യയ്ക്കെതിരായ ആക്രമണങ്ങൾ തടയാൻ ഹൂതികളെ നിയന്ത്രിക്കണമെന്ന് പാകിസ്ഥാൻ ഇറാനോട് ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും, ഹൂതികളെ നിയന്ത്രിക്കില്ലെന്നാണ് ഇറാന്റെ നിലപാട്.

