തിരുവനന്തപുരം ; ബാലരാമപുരത്ത് സഹോദരിയുടെ മകളായ രണ്ട് വയസുകാരിയെ കിണറ്റിൽ എറിഞ്ഞ് കൊന്നത് കുട്ടിയുടെ അമ്മയോടുള്ള വൈരാഗ്യം മൂലമെന്ന് പ്രതി ഹരികുമാർ. ഉറങ്ങിക്കിടന്ന കുഞ്ഞിനെ ആരും അറിയാതെ എടുത്ത് കിണറ്റിലിട്ടു എന്നാണ് ഹരികുമാറിന്റെ മൊഴി.
സഹോദരിയും ആയിട്ടുള്ള വ്യക്തിപരമായ പ്രശ്നത്തിന്റെ പേരിലാണ് കുഞ്ഞിനെ കൊന്നതെന്നാണ് ഹരികുമാർ പറഞ്ഞത് . എന്നാൽ അതിന്റെപേരിൽ കുഞ്ഞിനെ എന്തിനു കൊന്നു എന്ന ചോദ്യത്തിന് ഉത്തരമായിട്ടില്ല.
ശ്രീജിത്ത് – ശ്രീതു ദമ്പതികളുടെ മകൾ ദേവേന്ദുവാണ് കൊല്ലപ്പെട്ടത്. ഇന്ന് രാവിലെയാണ് കുഞ്ഞിന്റെ മൃതദേഹം കിണറ്റിൽ കണ്ടെത്തിയത് . അച്ഛനും, അമ്മയ്ക്കും സഹോദരിയ്ക്കുമൊപ്പം കിടന്നുറങ്ങിയ കുഞ്ഞിനെയാണ് രാവിലെയോടെ കാണാതായത് . കുഞ്ഞിന്റെ മുത്തശ്ശന്റെ മരണാന്തര ചടങ്ങിനെത്തിയവർ അടക്കം നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.കുടുംബാംഗങ്ങൾ പരസ്പരവിരുദ്ധമായ മൊഴികൾ നൽകിയതാണ് മരണത്തിൽ സംശയം ജനിപ്പിച്ചത്.
ഏറെ നാളായി കുട്ടിയുടെ മാതാപിതാക്കൾ അകന്ന് കഴിയുകയാണ് . കുടുംബത്തിന് വലിയ സാമ്പത്തിക ബാധ്യതയുണ്ടെന്നാണ് വിവരം. ഇതിന്റെ പേരിൽ കുടുംബത്തിൽ തര്‍ക്കങ്ങളുണ്ടായിരുന്നുവെന്നും സൂചനയുണ്ട്.