തൃശൂർ : ചിറ്റാട്ടുകരയിൽ ഹോട്ടലിൽ നിന്ന് ഷവർമ്മ കഴിച്ച 11 പേർക്ക് ഭക്ഷ്യവിഷബാധ . ഇതിൽ നാലു പേർ കുട്ടികളാണ് . എളവള്ളി ആരോഗ്യവകുപ്പ് അധികൃതരെത്തി ഹോട്ടൽ അടപ്പിച്ചു.
ബ്രഹ്മകുളം മില്ലുംപടി സ്വദേശികളായ കുന്നംപുള്ളി നൗഷാദ് (45), മകൻ മുഹമ്മദ് ആദി (അഞ്ച്), മാതാവ് നഫീസക്കുട്ടി (63), കടവല്ലൂർ പുലിക്കോട്ടിൽ അലൻ ഡയ്സൻ (16), തോട്ടുപുറത്ത് വീട്ടിൽ മീനാക്ഷി (19), ശ്രീലക്ഷ്മി (14), ശ്രീപാർവതി (11), പ്രദീപ് തക്ഷിൽ (11), വെള്ളംപറമ്പിൽ ശ്രീദേവ് (11), വട്ടംപറമ്പിൽ കനകലത, കാക്കശ്ശേരി കല്ലുപറമ്പിൽ ഓമന രാമു (58) എന്നിവർക്കാണ് ഭക്ഷ്യവിഷബാധയേറ്റത്.
ഭക്ഷ്യവിഷബാധയേറ്റത് മയോണൈസിൽ നിന്നോ , സാലഡിൽ നിന്നോ ആകാമെന്നാണ് നിഗമനം.ഇറച്ചിയിൽ നിന്നാണെങ്കിൽ കൂടുതൽ പേർക്ക് ഭക്ഷ്യവിഷബാധയേറ്റേനെ എന്നാണ് കണ്ടെത്തൽ.
പലർക്കും രക്തത്തിൽ വിഷാംശം കലർന്നതായി അധികൃതർ അറിയിച്ചു. കടുത്ത വയറുവേദനയെ തുടർന്നാണ് പലരും ആശുപത്രിയിലെത്തിയത് . പരിശോധനയിലാണ് ഭക്ഷ്യവിഷബാധ സ്ഥിരീകരിച്ചത്. അതേസമയം ഹോട്ടലിൽ പഴകിയതോ, കേടുവന്നതോ ആയ ഒന്നുമുണ്ടായിരുന്നില്ലെന്ന് ഹോട്ടലുടമ അറിയിച്ചു.