വാഷിംഗ്ടൺ : 1993 ലെ ബോംബാക്രമണത്തിലെ സൂത്രധാരനായ ഇമാമിനൊപ്പമുള്ള ചിത്രം പങ്ക് വച്ച് സൊഹ്റാൻ മംദാനി. ന്യൂയോർക്കിലെ മേയർ സ്ഥാനാർഥിയായ സോഹ്റാൻ മംദാനി കഴിഞ്ഞ വെള്ളിയാഴ്ച ആഴ്ച ബ്രൂക്ലിനിലെ മസ്ജിദിൽ നടന്ന പ്രാർത്ഥനയിൽ പങ്കെടുത്തിരുന്നു . 1993 ലെ വേൾഡ് ട്രേഡ് സെന്റർ ബോംബാക്രമണത്തിലെ സൂത്രധാരന്മാരിൽ ഒരാളായി കരുതപ്പെടുന്ന ഇമാം സിറാജ് വഹാജിനൊപ്പമാണ് അന്ന് സൊഹ്റാൻ മംദാനി ചിത്രമെടുത്തത്. ഇതാണിപ്പോൾ വിവാദമായിരിക്കുന്നത്.
രാജ്യത്തെ “മുൻനിര മുസ്ലീം നേതാക്കളിൽ ഒരാൾ” എന്നും ബ്രൂക്ലിനിലെ മുസ്ലീം സമൂഹത്തിന്റെ “സ്തംഭം” എന്നും വിശേഷിപ്പിച്ചുകൊണ്ടാണ് സൊഹ്റാൻ മംദാനി വഹാജിനൊപ്പമുള്ള ചിത്രങ്ങൾ പോസ്റ്റ് ചെയ്തത് . ഒപ്പം “ഇന്ന് മസ്ജിദ് അത്-തഖ്വയിൽ, രാജ്യത്തെ മുൻനിര മുസ്ലീം നേതാക്കളിൽ ഒരാളും ബെഡ്-സ്റ്റുയ് സമൂഹത്തിന്റെ നെടുംതൂണുമായ ഇമാം സിറാജ് വഹാജിനെ കാണാൻ കഴിഞ്ഞതിൽ എനിക്ക് സന്തോഷം തോന്നി,” എന്നും മംദാനി ട്വീറ്റ് ചെയ്തു. ഇതിനെതിരെ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അടക്കമുള്ളവർ രംഗത്തെത്തിയിട്ടുണ്ട്.
മംദാനിയുടെ കടുത്ത വിമർശകനായ ട്രംപ്, ഇതിനെ ലജ്ജാകരം എന്നാണ് വിശേഷിപ്പിച്ചത്. വഹാജിനെ പിന്തുണച്ച മംദാനിയെ ട്രംപ് വിമർശിച്ചു. “മംദാനിയുടെ കാര്യം… അത് സംഭവിക്കാൻ കാത്തിരിക്കുന്ന ഒരു ദുരന്തമാണ്. മംദാനി ഇമാം സിറാജ് വഹാജിനെ പിന്തുണയ്ക്കുകയും വളരെ സൗഹൃദം പുലർത്തുകയും ചെയ്യുന്നത് ലജ്ജാകരമാണ്. മംദാനിയ്ക്ക് ഇമാമുമായി ബന്ധമുണ്ടെന്ന് നിങ്ങൾക്ക് കാണാൻ കഴിയും. അദ്ദേഹം വേൾഡ് ട്രേഡ് സെന്റർ തകർത്തത് അല്ലേ?” എന്നും ട്രംപ് പറഞ്ഞു.
“ഒരു ഭീകര ഗൂഢാലോചനയിൽ കുറ്റം ചുമത്തപ്പെടാത്ത ഒരു ഗൂഢാലോചനക്കാരനുമായി” പ്രചാരണം നടത്തിയത് ഡെമോക്രാറ്റുകൾ പൊതുവെ അപലപിക്കണമെന്ന് യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ് ആവശ്യപ്പെട്ടു. ന്യൂയോർക്ക് റിപ്പബ്ലിക്കൻ പ്രതിനിധി എലീസ് സ്റ്റെഫാനിക് മംദാനിയെ “ഭീകരരുമായി പരസ്യമായി പ്രചാരണം നടത്തുന്ന “ജിഹാദിസ്റ്റ്” എന്നാണ് വിളിച്ചത്.
വേൾഡ് ട്രേഡ് സെന്റർ ആക്രമണത്തിൽ വഹാജിനെതിരെ ഒരിക്കലും കുറ്റം ചുമത്തിയിട്ടില്ലെങ്കിലും, പ്രതികളിൽ ചിലർ അദ്ദേഹത്തിന്റെ പള്ളിയിൽ പോയിട്ടുണ്ടെന്ന് അന്വേഷക സംഘം കണ്ടെത്തിയിരുന്നു . ആക്രമണവുമായി വഹാജ് തനിക്ക് ബന്ധമില്ലെന്ന് പറഞ്ഞെങ്കിലും അക്രമികളായ തീവ്രവാദികളെ അദ്ദേഹം പ്രതിരോധിച്ചു, എഫ്ബിഐയെയും സിഐഎയെയും “യഥാർത്ഥ തീവ്രവാദികൾ” എന്ന് മുദ്രകുത്തി.
1993-ലെ ബോംബാക്രമണ ഗൂഢാലോചനയുടെ സൂത്രധാരൻ എന്ന് ശിക്ഷിക്കപ്പെട്ട “അന്ധനായ ഷെയ്ഖ്” എന്നറിയപ്പെടുന്ന തീവ്രവാദ നേതാവ് ഷെയ്ഖ് ഒമർ അബ്ദുൽ-റഹ്മാനുമായി വഹാജിന് അടുത്ത ബന്ധമുണ്ടെന്നും സൂചനയുണ്ട്. വർഷങ്ങൾക്ക് മുമ്പ്, അമേരിക്കൻ മുസ്ലീങ്ങൾ ഒന്നിച്ചാൽ “നിങ്ങൾ ബുഷിനോ ക്ലിന്റനോ വോട്ട് ചെയ്യേണ്ടതില്ല” എന്നും അവർക്ക് അവരുടെ “സ്വന്തം അമീറിനെ തിരഞ്ഞെടുത്ത് അദ്ദേഹത്തോട് കൂറ് പുലർത്താമെന്നും” വഹാജ് പറഞ്ഞിരുന്നു.

