വാഷിംഗ്ടൺ : പശ്ചിമേഷ്യൻ സംഘർഷത്തിനിടെ യുഎസ് നാവികസേനയുടെ ഏറ്റവും വലിയ യുദ്ധക്കപ്പലുകൾ മിഡിൽ ഈസ്റ്റിൽ വിന്യസിക്കാൻ നീക്കം . ഇതിനായി പശ്ചിമ പസഫിക്കിൽ നിന്ന് അവസാനത്തെ വിമാനവാഹിനിക്കപ്പലിനെയും യുഎസ് പിൻവലിച്ചേക്കും . അതേസമയം ഇതിൽ ഏറ്റവും കൂടുതൽ നേട്ടമുണ്ടാകുന്നത് ചൈനയ്ക്കാണ്.
പടിഞ്ഞാറൻ പസഫിക് സമുദ്ര മേഖലയിൽ ചൈനീസ് സൈനിക സാന്നിധ്യം തടയുന്നതിനായാണ് യുഎസ് തങ്ങളുടെ ശക്തി നിലനിർത്തി പോന്നത് . എന്നാലിപ്പോൾ യുഎസ് നാവികസേന അവരുടെ അവസാന വിമാനവാഹിനിക്കപ്പലും മറ്റൊരു സ്ഥലത്തേക്ക് മാറ്റുന്നതോടെ, പടിഞ്ഞാറൻ പസഫിക് സമുദ്രത്തിൽ തങ്ങളുടെ സാന്നിധ്യം വികസിപ്പിക്കാനുള്ള അവസരം ചൈനയ്ക്ക് ലഭിക്കും.
നിലവിൽ പസഫിക് സമുദ്രത്തിൽ വിന്യസിച്ചിരിക്കുന്ന യുഎസ് നാവികസേനയുടെ വിമാനവാഹിനിക്കപ്പലായ യുഎസ്എസ് ജോർജ്ജ് വാഷിംഗ്ടൺ ഇപ്പോൾ മിഡിൽ ഈസ്റ്റിലേക്ക് നീങ്ങുകയാണ്. അവിടെ ഇതിനകം വിന്യസിച്ചിരിക്കുന്ന യുഎസ്എസ് എബ്രഹാം ലിങ്കണിന് പകരമായിരിക്കും ഇത്. എട്ട് മാസത്തിലേറെയായി യുഎസ് നാവികസേനയുടെ യുദ്ധക്കപ്പലായ യുഎസ്എസ് എബ്രഹാം ലിങ്കൺ മിഡിൽ ഈസ്റ്റിൽ വിന്യസിക്കപ്പെട്ടിട്ടുണ്ട്.
“പസഫിക് സമുദ്ര മേഖലയിൽ യുഎസ് വിമാനവാഹിനിക്കപ്പലുകളുടെ താൽക്കാലിക അഭാവം ചൈനയ്ക്ക് അതിന്റെ ശക്തി വികസിപ്പിക്കാനുള്ള അവസരം നൽകുന്നു,” മുൻ നേവി സബ്മറൈനറും ഹഡ്സൺ ഇൻസ്റ്റിറ്റ്യൂട്ടിലെ പ്രതിരോധ വിശകലന വിദഗ്ദ്ധനുമായ ബ്രയാൻ ക്ലാർക്ക് അഭിമുഖത്തിൽ പറഞ്ഞു. “പടിഞ്ഞാറൻ പസഫിക്കിൽ ചൈന ഒരു പ്രധാന സൈനിക ശക്തിയായി ഉയർന്നുവരുന്നു എന്ന സന്ദേശം ജപ്പാൻ, ഫിലിപ്പീൻസ്, ഇന്തോനേഷ്യ എന്നിവയുൾപ്പെടെ നിരവധി രാജ്യങ്ങൾക്ക് നൽകാൻ ചൈന ഈ സമയം വിനിയോഗിച്ചേക്കാം.” ബ്രയാൻ ക്ലാർക്ക് പറയുന്നു.

