വാഷിംഗ്ടൺ : ഹോർമുസ് കടലിടുക്കിനു സമീപം യുഎസ് സൈനിക ഹെലികോപ്റ്റർ അപ്പാച്ചെ തകർന്നു വീണു.വിമാനത്തിനുള്ളിൽ ഉണ്ടായിരുന്ന പൈലറ്റുമാർ സുരക്ഷിതരാണെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പ് അറിയിച്ചു.
ഇറാനിയന ആക്രമണമാണോ സാങ്കേതിക തകരാറാണോ തകർച്ചയ്ക്ക് കാരണമെന്നത് വ്യക്തമല്ല . ഇക്കാര്യത്തിൽ ട്രമ്പും വ്യക്തമായ പ്രതികരണം നടത്തിയിട്ടില്ല. ‘ പൈലറ്റുമാർ സുഖമായിരിക്കുന്നു . ആർക്കും പരിക്കുകളില്ല. സംഭവത്തെ കുറിച്ച് നാളെ ഞങ്ങൾ റിപ്പോർട്ട് പുറത്തിറക്കും ‘ എന്നാണ് ട്രമ്പ് മാധ്യമപ്രവർത്തകരോട് പറഞ്ഞത്. കഴിഞ്ഞ ദിവസം വെടിനിർത്തൽ ലംഘിച്ച് ഇറാനും, ഇസ്രായേലും തമ്മിൽ സംഘർഷം നടന്നിരുന്നു.അതിനു പിന്നാലെയാണ് യുഎസിന്റെ ഹെലികോപ്റ്റർ തകർന്നു വീണത് . ഇത് സംബന്ധിച്ച് ഇറാനും പ്രതികരിച്ചിട്ടില്ല.
ഹോർമുസിന് സമീപം ഇറാനിയൻ കപ്പലുകൾക്കെതിരെയുള്ള ഉപരോധം നടപ്പാക്കാൻ യുഎസ് അപ്പാച്ചെ ഹെലികോപ്റ്ററുകളെയാണ് ഉപയോഗിക്കുന്നത് . കഴിഞ്ഞ ദിവസം ഇറാനിയൻ ഡ്രോണുകൾ വെടിവച്ചിട്ടതായി യു എസ് സെൻട്രൽ കമാൻഡ് അറിയിച്ചിരുന്നു. ഇതിനിടെ ഇറാനുമായി ചർച്ചകളിൽ യുഎസ് പ്രതീക്ഷ പ്രകടിപ്പിക്കുന്നുണ്ട്. രണ്ടോ മൂന്നോ ദിവസത്തിനുള്ളിൽ കരാർ ഒപ്പിടാൻ സാധ്യതയുണ്ടെന്നാണ് ട്രമ്പ് വ്യക്തമാക്കിയിരിക്കുന്നത്.

