ന്യൂഡൽഹി : ഫ്ലൈദുബായ് വിമാനം അപകടത്തിൽപ്പെടുത്താനുള്ള ശ്രമം “ഭീകരവാദ പ്രവർത്തനം” ആയിരുന്നുവെന്ന് വിശേഷിപ്പിച്ച് യുഎഇ പ്രസിഡൻഷ്യൽ ഉപദേഷ്ടാവ് അൻവർ ഗർഗാഷ് . ഇന്ത്യൻ പൈലറ്റ് സ്മിത് മച്ചാർ നടത്തിയ ഇടപെടലുകളെയും അദ്ദേഹം പ്രശംസിച്ചു.വലിയൊരു ദുരന്തം ഒഴിവാക്കാൻ ക്യാപ്റ്റൻ സ്മിത് മച്ചാർ സഹായിച്ചതായും ഗർഗാഷ് പറഞ്ഞു.
തീവ്രവാദത്തെയും ഭീകരവാദത്തെയും നേരിടുന്നതിൽ ജാഗ്രതയും മുൻകരുതലും ആവശ്യമാണെന്നും അദ്ദേഹം സൂചിപ്പിച്ചു. മുതിർന്ന യുഎഇ ഉദ്യോഗസ്ഥൻ ഈ സംഭവത്തെ പരസ്യമായി ഭീകരവാദ പ്രവർത്തനമെന്ന് വിശേഷിപ്പിക്കുന്നത് ഇതാദ്യമായാണ്. ഭീകരവാദ പ്രവർത്തനങ്ങളുമായുള്ള ബന്ധം, മുൻകൂട്ടിയുള്ള ആസൂത്രണം അല്ലെങ്കിൽ നിർദ്ദേശങ്ങൾ എന്നിവയുൾപ്പെടെ സംഭവത്തിന്റെ സാഹചര്യങ്ങളും ഉദ്ദേശ്യങ്ങളും അന്വേഷിക്കുമെന്ന് യുഎഇ സർക്കാർ നേരത്തെ വ്യക്തമാക്കിയിരുന്നു.സംഭവം നടന്നതിനു പിന്നാലെ പ്രത്യേക അന്വേഷണം നടത്താൻ യുഎഇ ഉത്തരവിട്ടിരുന്നു .
കേസ് അന്വേഷിക്കുന്നതിനായി പബ്ലിക് പ്രോസിക്യൂഷനിലെ വിദഗ്ധർ ഉൾപ്പെടുന്ന സംഘത്തെ രൂപീകരിക്കാൻ അറ്റോർണി ജനറൽ ഡോ. ഹമദ് അൽ ഷംസി ഉത്തരവിട്ടതായി യുഎഇ വിദേശകാര്യ മന്ത്രാലയം അറിയിച്ചു.വിമാനം യുഎഇയിൽ രജിസ്റ്റർ ചെയ്തതിനാൽ അന്വേഷണത്തിൽ തങ്ങൾക്ക് അധികാരപരിധിയുണ്ടെന്ന് യുഎഇ വ്യക്തമാക്കി. യുഎഇ അതിർത്തിക്ക് പുറത്ത് നടക്കുന്ന സംഭവങ്ങൾ ഉൾപ്പെടെ, വിമാനത്തിനുള്ളിൽ നടക്കുന്ന കുറ്റകൃത്യങ്ങൾക്ക് യുഎഇ നിയമം ബാധകമാണെന്ന് മന്ത്രാലയം അറിയിച്ചു.
മച്ചാറിനെ ആക്രമിക്കുകയും വിമാനത്തിന്റെ നിയന്ത്രണം ഏറ്റെടുക്കാൻ ശ്രമിക്കുകയും ചെയ്തതായി ആരോപിക്കപ്പെടുന്ന സഹ-പൈലറ്റിന്റെ പേരുവിവരങ്ങൾ യുഎഇ പരസ്യമാക്കിയിട്ടില്ല. ഇദ്ദേഹം ഒമാൻ സ്വദേശിയാണെന്ന് ചില ഇസ്രായേലി ഉദ്യോഗസ്ഥരും മാധ്യമ റിപ്പോർട്ടുകളും സൂചിപ്പിക്കുന്നുണ്ടെങ്കിലും, യുഎഇ ഔദ്യോഗികമായി അദ്ദേഹത്തിന്റെ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.

