ന്യൂഡൽഹി: സഹപൈലറ്റിന്റെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റിട്ടും നൂറ് കണക്കിന് യാത്രക്കാരുടെ ജീവൻ രക്ഷിക്കാൻ പോരാടിയ ഫ്ലൈദുബായ് ക്യാപ്റ്റൻ സ്മിത് മച്ചാറുമായി വീഡിയോ കോളിൽ സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി . മരണത്തോട് മല്ലിടുമ്പോഴും, ധൈര്യം കാണിച്ചില്ലെങ്കിൽ 170 യാത്രക്കാരുടെയും ജീവൻ നഷ്ടപ്പെടുമെന്ന് തനിക്ക് ബോധ്യമുണ്ടായിരുന്നതായി മച്ചാർ പ്രധാനമന്ത്രിയോട് പറഞ്ഞു.
” ഗുരുതരമായി പരിക്കേറ്റ് മരണത്തോട് മല്ലിടുകയായിരുന്നു താങ്കൾ . എന്നിട്ടും സ്വന്തം ജീവനെക്കുറിച്ച് ചിന്തിക്കാതെ യാത്രക്കാരുടെ ജീവനെക്കുറിച്ചാണ് നിങ്ങൾ ചിന്തിച്ചത്. 140 കോടി ഇന്ത്യക്കാരെയും നിങ്ങൾ അഭിമാനമുളളവരാക്കി,” മോദി ക്യാപ്റ്റൻ മച്ചാറിനോട് പറഞ്ഞു. അതിന് കണ്ണ് നിറഞ്ഞാണ് സ്മിത് മച്ചാർ മറുപടി നൽകിയത്.പ്രധാനമന്ത്രിയുടെ വിളിയെത്തിയത് ജീവിതത്തില്‍ മറക്കാനാവാത്ത നിമിഷമാണെന്ന് മച്ചാർ പറഞ്ഞു.
” ഞാൻ ഏറെ ആരാധിക്കുന്ന വ്യക്തിയാണ് അങ്ങ് . ഫോണില്‍ വിളിച്ച് അങ്ങ് നല്കുന്ന ഈ പ്രചോദനം വലിയ അഭിമാനം നല്കുന്നു . 17 വർഷമായി ഞാൻ വിമാനം പറത്തുന്നു, കഴിഞ്ഞ 11 വർഷമായി ക്യാപ്റ്റനായും സേവനമനുഷ്ഠിക്കുന്നു. കണ്ണടച്ചാൽ പോലും വിമാനത്തിനുള്ളിൽ എന്താണ് സംഭവിക്കുന്നതെന്ന് കൃത്യമായി മനസ്സിലാക്കാൻ എനിക്ക് കഴിയും. ആക്രമണത്തിൽ എനിക്ക് പലയിടത്തും പരിക്കേറ്റു, ഞാൻ തളർന്നു വീണു. എന്നാൽ ഒന്നും ചെയ്തില്ലെങ്കിൽ യാത്രക്കാർ മരിക്കുമെന്ന് എനിക്ക് തോന്നിയ ഒരു നിമിഷമുണ്ടായിരുന്നു. വിമാനം കുത്തനെ താഴേക്ക് പതിക്കുന്നതായി എനിക്ക് അനുഭവപ്പെട്ടു, എങ്ങനെയോ ഞാൻ കോക്ക്പിറ്റ് വാതിൽ തുറന്നു,” സ്മിത് മച്ചാർ പറഞ്ഞു.
സംഭവത്തിൽ ഗുരുതരമായി പരിക്കേറ്റ മച്ചാറിന് ആദ്യം സൗദി അറേബ്യയിലാണ് ചികിത്സ നൽകിയത്. പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി അദ്ദേഹത്തെ വിമാനമാർഗ്ഗം ദുബായിലേക്ക് മാറ്റി. ആക്രമണത്തിന് ശേഷം ശരീരത്തിൽ പലയിടത്തും മുറിവുകളുമായി നിൽക്കുന്ന മച്ചാറിന്റെ ദൃശ്യങ്ങൾ വ്യാപകമായി പ്രചരിച്ചിരുന്നു. നരേന്ദ്ര മോദി മച്ചാറിന്റെ ധൈര്യത്തെയും സമയോചിതമായ ഇടപെടലിനെയും പ്രശംസിക്കുകയും അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളുമായി സംസാരിക്കുകയും ചെയ്തു. വിദേശകാര്യ മന്ത്രി എസ്. ജയശങ്കറും അദ്ദേഹത്തിന്റെ ധീരതയെ അഭിനന്ദിച്ചു.

