വാഷിംഗ്ടൺ : ഹമാസിന് അന്ത്യശാസനവുമായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പ്. ഞായറാഴ്ച വൈകുന്നേരം 6 മണിയോടെ ഇസ്രായേലുമായി സമാധാന കരാറിലെത്തണമെന്നും , അല്ലാത്തപക്ഷം പ്രത്യാഘാതം വളരെ രൂക്ഷമായിരിക്കുമെന്നുമാണ് മുന്നറിയിപ്പ് . തന്റെ സമാധാന പദ്ധതി അംഗീകരിക്കാനും, ഇസ്രായേലി ബന്ദികളെ മോചിപ്പിക്കാനും ഹമാസിന് അവസാന അവസരം നൽകുന്നുവെന്ന് ട്രംപ് പറഞ്ഞു, “ഒരു വിധത്തിലല്ലെങ്കിൽ മറ്റൊരു വിധത്തിൽ സമാധാനം ഉണ്ടാകും” എന്നും ട്രമ്പ് കൂട്ടിച്ചേർത്തു.
ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ഇതിനകം വെടിനിർത്തൽ പദ്ധതിക്ക് സമ്മതിച്ചിട്ടുണ്ട്. രണ്ട് വർഷമായി നീണ്ടുനിൽക്കുന്ന ഗാസ യുദ്ധം അവസാനിപ്പിക്കുന്നതിനായി സമാധാന കരാറിൽ ഒപ്പ് വയ്ക്കാൻ ഇസ്രയേലിനെയും ഹമാസിനെയും യോജിപ്പിക്കാൻ പ്രേരിപ്പിക്കുന്ന ട്രംപ്, പോരാട്ടം ഉടനടി നിർത്തണമെന്ന് മാത്രമല്ല, ഗാസയുടെ യുദ്ധാനന്തര ഭരണത്തിനുള്ള ഒരു ചട്ടക്കൂട് തയ്യാറാക്കുകയും ചെയ്തിട്ടുണ്ട്. സംഘർഷം അവസാനിപ്പിക്കുന്നതിനും പ്രദേശത്തിന്റെ ഭാവി ഭരണം രൂപപ്പെടുത്തുന്നതിനുമുള്ള 20 പോയിന്റ് ഗാസ പ്ലാൻ രണ്ട് ദിവസം മുൻപ് വൈറ്റ് ഹൗസ് പുറത്തിറക്കിയിരുന്നു.
“ഒരു തരത്തിലല്ലെങ്കിൽ മറ്റൊരു തരത്തിൽ മിഡിൽ ഈസ്റ്റിൽ നമുക്ക് സമാധാനം ലഭിക്കും. അക്രമവും രക്തച്ചൊരിച്ചിലും അവസാനിക്കും. മരിച്ചവരുടെ മൃതദേഹങ്ങൾ ഉൾപ്പെടെ എല്ലാ ബന്ദികളെയും ഇപ്പോൾ വിട്ടയക്കുന്നു! വാഷിംഗ്ടൺ ഡിസി സമയം ഞായറാഴ്ച വൈകുന്നേരം ആറ് (6) മണിക്ക് മുമ്പ് ഹമാസ് ഇസ്രായേലുമായി ഒരു കരാറിലെത്തണം. എല്ലാ രാജ്യങ്ങളും ഒപ്പുവച്ചു! ഈ അവസാന അവസര കരാറിൽ എത്തിയില്ലെങ്കിൽ, മുമ്പ് ആരും കണ്ടിട്ടില്ലാത്തതുപോലെ, ഹമാസ് നരകത്തിലെത്തും പൊട്ടിത്തെറിക്കും,” ട്രംപ് സോഷ്യൽ മീഡിയയിൽ കുറിച്ചു.
ഗാസയിലെ സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറാൻ “നിരപരാധികളായ” പലസ്തീനികളോട് അഭ്യർത്ഥിച്ചുകൊണ്ട്, പലരും തോക്കിൻ കുഴലിന്റെ മുന്നിലാണെന്ന് ട്രംപ് മുന്നറിയിപ്പ് നൽകി. ബാക്കിയുള്ളവരെ സംബന്ധിച്ചിടത്തോളം, നിങ്ങൾ എവിടെയാണെന്നും ആരാണെന്നും ഞങ്ങൾക്കറിയാം, നിങ്ങളെ വേട്ടയാടുകയും കൊല്ലുകയും ചെയ്യും,” ട്രംപ് പറഞ്ഞു.
ട്രംപിന്റെ 20-പോയിന്റ് സമാധാന പദ്ധതി പ്രകാരം, ട്രമ്പ് തന്നെ അധ്യക്ഷനായും മുൻ ബ്രിട്ടീഷ് പ്രധാനമന്ത്രി ടോണി ബ്ലെയർ ഉൾപ്പെടെയുള്ള വ്യക്തികൾ ചേർന്നും ഒരു താൽക്കാലിക ഭരണസമിതി സ്ഥാപിക്കപ്പെടും. ഗാസയിലെ ആരെയും നിർബന്ധിച്ച് പുറത്താക്കില്ലെന്നും ഗാസ പ്ലാനിൽ പറയുന്നു. ഇസ്രായേലും ഹമാസും നിബന്ധനകൾ അംഗീകരിച്ചാൽ ഉടൻ തന്നെ പോരാട്ടം അവസാനിപ്പിക്കുമെന്നും വ്യവസ്ഥ ചെയ്യുന്നു.
അതേസമയം ഹമാസ് നിലവിൽ ഈ നിർദ്ദേശം പുനഃപരിശോധിച്ചുവരികയാണെന്ന് ഗ്രൂപ്പുമായി അടുത്ത വൃത്തങ്ങൾ പറഞ്ഞു.ഇസ്രായേലും ഹമാസും അതിന്റെ നിബന്ധനകൾ അംഗീകരിച്ചാൽ ബന്ദികളെ വിട്ടയക്കുന്നതോടെ ഇസ്രായേൽ സൈന്യം പിൻവാങ്ങാൻ തുടങ്ങും, ഇസ്രായേൽ സ്വീകരിച്ച് 72 മണിക്കൂറിനുള്ളിൽ ഹമാസ് എല്ലാ ബന്ദികളെയും മോചിപ്പിക്കേണ്ടതുണ്ട്.പകരം, 2023 ഒക്ടോബർ 7 മുതൽ തടവിലാക്കപ്പെട്ട സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ള പലസ്തീൻ തടവുകാരെ ഇസ്രായേൽ മോചിപ്പിക്കും.

