വാഷിംഗ്ടൺ ; ഇസ്രായേലും ഹമാസും തമ്മിൽ ഏകദേശം രണ്ട് വർഷമായി നീണ്ടുനിൽക്കുന്ന യുദ്ധം അവസാനിപ്പിക്കാൻ ഗാസ പ്ലാൻ എന്ന സമാധാന കരാർ വാഗ്ദാനം ചെയ്തിരിക്കുകയാണ് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് . തന്റെ 20 പോയിന്റ് സമാധാന നിർദ്ദേശത്തിന് മറുപടി നൽകാൻ ഹമാസിന് മൂന്ന് മുതൽ നാല് ദിവസം വരെ സമയമുണ്ടെന്നും ട്രംപ് പറഞ്ഞു. എന്നാൽ കരാർ അംഗീകരിക്കാൻ വിസമ്മതിച്ചാൽ ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്ന് ട്രംപ് ഹമാസിന് മുന്നറിയിപ്പ് നൽകി.
ഉൾപ്പെട്ട മറ്റെല്ലാ കക്ഷികളും ഇതിനകം തന്നെ ഇതിൽ ഒപ്പുവെച്ചിട്ടുണ്ടെന്നും അവർ ഹമാസ് ഒപ്പിടാൻ കാത്തിരിക്കുകയാണെന്നും യുഎസ് പ്രസിഡന്റ് പറഞ്ഞു. “എല്ലാ അറബ് രാജ്യങ്ങളും ഇതിൽ ഒപ്പുവച്ചു. എല്ലാ മുസ്ലീം രാജ്യങ്ങളും ഇതിൽ ഒപ്പുവച്ചു. ഇസ്രായേൽ ഇതിൽ ഒപ്പുവച്ചു. ഞങ്ങൾ ഹമാസിനായി കാത്തിരിക്കുകയാണ്. അവർ ഒന്നുകിൽ അതിൽ ഒപ്പിടും അല്ലെങ്കിൽ അവർ ഒപ്പിടില്ല. അവർ ഒപ്പിടുന്നില്ലെങ്കിൽ, അനന്തരഫലങ്ങൾ വളരെ വേദനാജനകമായിരിക്കും.”ട്രംപ് കർശനമായ മുന്നറിയിപ്പ് നൽകി.
“പലസ്തീനിനകത്തും പുറത്തുമുള്ള രാഷ്ട്രീയ, സൈനിക നേതൃത്വവുമായി ഹമാസ് നിരവധി ചർച്ചകൾ ആരംഭിച്ചിട്ടുണ്ട്. ഈ വിഷയം വളരെ സങ്കീർണ്ണമായതിനാൽ ചർച്ചകൾക്ക് നിരവധി ദിവസങ്ങൾ എടുത്തേക്കാം” എന്ന് പലസ്തീൻ ഉദ്യോഗസ്ഥൻ പറഞ്ഞതായി വാർത്താ ഏജൻസിയായ എഎഫ്പി റിപ്പോർട്ട് ചെയ്തു.
യുദ്ധം അവസാനിപ്പിക്കാനും സമാധാനം പുനഃസ്ഥാപിക്കാനുമാണ് ട്രംപ് സമാധാന പദ്ധതി നിർദ്ദേശിച്ചത്. ട്രംപും ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും തമ്മിലുള്ള ചർച്ചകൾക്ക് ശേഷം അവതരിപ്പിച്ച സമാധാന പദ്ധതി, ഗാസയിലെ യുദ്ധം ഉടനടി അവസാനിപ്പിക്കാനും ഹമാസ് തടവിലാക്കിയ എല്ലാ ബന്ദികളെ 72 മണിക്കൂറിനുള്ളിൽ മോചിപ്പിക്കാനും നിർദ്ദേശിക്കുന്നു. ഗാസയിലെ യുദ്ധം അവസാനിപ്പിക്കാനുള്ള ഡൊണാൾഡ് ട്രംപിന്റെ 20 പോയിന്റ് പദ്ധതിയെ ഇന്ത്യ, ചൈന, റഷ്യ എന്നിവയുൾപ്പെടെ എട്ട് അറബ്, മുസ്ലീം ഭൂരിപക്ഷ രാജ്യങ്ങൾ സ്വാഗതം ചെയ്തു.
ജോർദാൻ, ഖത്തർ, യുണൈറ്റഡ് അറബ് എമിറേറ്റ്സ്, ഇന്തോനേഷ്യ, പാകിസ്ഥാൻ, തുർക്കി, സൗദി അറേബ്യ, ഈജിപ്ത് എന്നീ രാജ്യങ്ങളുടെ വിദേശകാര്യ മന്ത്രിമാർ സമാധാന പദ്ധതിയെ സ്വാഗതം ചെയ്തു. മേഖലയിലെ സമാധാനത്തിനായി അമേരിക്കയുമായി പങ്കാളിത്തം സ്ഥാപിക്കേണ്ടതിന്റെ പ്രാധാന്യവും അവർ വ്യക്തമാക്കി. യുദ്ധം അവസാനിപ്പിക്കാനും ഗാസ പുനർനിർമ്മിക്കാനും പലസ്തീനികളുടെ കുടിയിറക്കം തടയാനും സമഗ്രമായ സമാധാനം മുന്നോട്ട് കൊണ്ടുപോകാനുമുള്ള ട്രംപിന്റെ നിർദ്ദേശത്തെയാണ് പല രാജ്യങ്ങളും സ്വാഗതം ചെയ്തത്.

