വാഷിംഗ്ടൺ : റഷ്യയുടെ യുക്രെയ്നിനെതിരായ ആക്രമണം അവസാനിപ്പിക്കുന്നതിനുള്ള ഒരു കരാറും തന്റെയും വ്ളാഡിമിർ പുടിന്റെയും അലാസ്ക ഉച്ചകോടിയിൽ ഉണ്ടാകില്ലെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് . യുക്രെയ്ൻ പ്രസിഡന്റ് സെലെൻസ്കിയും ഉൾപ്പെടുന്ന രണ്ടാമത്തെ, ത്രികക്ഷി യോഗത്തിലായിരിക്കുമെന്നും കരാർ ഉണ്ടാവുക എന്നും ട്രംപ് പറഞ്ഞു. അലാസ്ക ഉച്ചകോടി പ്രധാനമായും അടുത്ത ഘട്ടത്തിന് വേദിയൊരുക്കുമെന്നും ട്രംപ് പറഞ്ഞു.
“രണ്ടാമത്തെ കൂടിക്കാഴ്ച വളരെ വളരെ പ്രധാനപ്പെട്ടതായിരിക്കും, കാരണം അവിടെയാണ് കരാറിലെത്തുക. ‘വിഭജനം’ എന്ന വാക്ക് ഉപയോഗിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല, പക്ഷേ ഒരു പരിധിവരെ അത് മോശം വാക്കല്ല.ചിലപ്പോൾ വെള്ളിയാഴ്ച പുടിനുമായുള്ള കൂടിക്കാഴ്ച പരാജയപ്പെടാൻ 25% സാധ്യതയുണ്ട് “ അദ്ദേഹം പറഞ്ഞു.
പുടിൻ പത്ത് വർഷത്തിനിടെ നടത്തുന്ന ആദ്യ യുഎസ് സന്ദർശനമായിരിക്കും അലാസ്ക ഉച്ചകോടി. അലാസ്കയിലെ ആങ്കറേജിലുള്ള ജോയിന്റ് ബേസ് എൽമെൻഡോർഫ് റിച്ചാർഡ്സണിൽ വെച്ചാണ് ചർച്ച നടക്കുക. 1867 ൽ റഷ്യ അലാസ്ക യുഎസിന് വിറ്റതിനാലും അതിന്റെ പടിഞ്ഞാറൻ മുനമ്പ് റഷ്യയിൽ നിന്ന് ബെറിംഗ് കടലിടുക്കിന് കുറുകെയായതിനാലും ഈ സ്ഥലത്തിന് ചരിത്ര പ്രാധാന്യമുണ്ട്.
രാവിലെ 11:30 ന് (പ്രാദേശിക സമയം) ട്രംപും പുടിനും തമ്മിലുള്ള നേരിട്ടുള്ള കൂടിക്കാഴ്ചയോടെയാണ് കൂടിക്കാഴ്ച ആരംഭിക്കുക, തുടർന്ന് പ്രതിനിധി തല യോഗവും സംയുക്ത പത്രസമ്മേളനവും നടക്കും. പുടിന്റെ ഉദ്ദേശ്യങ്ങൾ ട്രംപിന് മനസ്സിലാക്കി കൊടുക്കാൻ സഹായി ഉണ്ടാകുമെന്നും വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിൻ ലെവിറ്റ് പറഞ്ഞു.
ഏതൊരു സമാധാന കരാറിലും യുക്രെയ്നിനുള്ള “സുരക്ഷാ ഗ്യാരണ്ടികൾ” ഉൾപ്പെടുത്തുമെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ പറഞ്ഞു . അലാസ്ക യോഗത്തിൽ ഒരു യുക്രേനിയൻ ഉദ്യോഗസ്ഥനും പങ്കെടുക്കില്ല. പുടിനെ സന്ദർശിച്ച ശേഷം സെലെൻസ്കിയെ വിളിക്കുമെന്ന് ട്രംപ് പറഞ്ഞു. കിഴക്കൻ യുക്രെയ്നിനു മേലുള്ള റഷ്യയുടെ നിയന്ത്രണം അംഗീകരിക്കുക, യുക്രെയ്നെ നാറ്റോയിൽ നിന്ന് മാറ്റി നിർത്തുക, സൈന്യത്തെ പരിമിതപ്പെടുത്തുക, കിയെവിൽ മോസ്കോ പിന്തുണയുള്ള സർക്കാർ ഉറപ്പാക്കുക എന്നിവ പുടിന്റെ വ്യവസ്ഥകളിൽ ഉൾപ്പെടുമെന്നാണ് സൂചന.

