ന്യൂയോർക്ക്: ലഷ്കർ ഇ ത്വയിബ, അൽ ഖ്വായിദ എന്നീ ഭീകര സംഘടനകളുമായി ബന്ധമുള്ളവരെ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പ് വൈറ്റ് ഹൗസ് ഉപദേശക സമിതിയിൽ നിയമിച്ചതായി ആരോപണം. 2000-2001 കാലഘട്ടത്തിൽ പാകിസ്ഥാനിലെ ലഷ്കർ ഇ തൊയ്ബയുടെ പരിശീലന ക്യാംപിൽ പങ്കെടുക്കുകയും, കശ്മീരില് നടന്ന ഭീകരവാദ പ്രവർത്തനങ്ങളിൽ ഏർപ്പെടുകയും ചെയ്ത 2 പേരെയാണ് വൈറ്റ് ഹൗസ് ഉപദേശക സമിതിയിലേക്ക് ട്രംപ് ഭരണകൂടം നിയമിച്ചിരിക്കുന്നത്.
ഇസ്മായിൽ റോയർ, സൈതുന കോളജിന്റെ സഹസ്ഥാപകൻ ഷെയ്ഖ് ഹംസ യൂസഫ് എന്നിവരെയാണ് ട്രംപ് ഭരണകൂടം വൈറ്റ് ഹൗസ് ഉപദേശക സമിതിയിലേക്ക് നിയമിച്ചിരിക്കുന്നത്. അമേരിക്കൻ പൗരന്മാരെ ലക്ഷ്യമിട്ടുള്ള ഭീകരവാദ പ്രവർത്തനങ്ങൾ നടത്തിയതിന് റോയറിനെ 2004-ൽ യുഎസ് കോടതി കുറ്റക്കാരനാണെന്നു കണ്ടെത്തുകയും 20 വർഷത്തെ തടവിന് ശിക്ഷിക്കുകയും ചെയ്തിരുന്നു. അൽ-ഖ്വയ്ദയ്ക്കും ലഷ്കർ ഇ തൊയ്ബക്കും ഇസ്മായിൽ റോയർ സഹായം നൽകിയതായും തോക്കുകളും സ്ഫോടകവസ്തുക്കളും ഉപയോഗിക്കാൻ സൗകര്യങ്ങളൊരുക്കിയെന്നും എഫ്ബിഐ അന്വേഷണത്തിൽ കണ്ടെത്തുകയും ചെയ്തിരുന്നു.
ഭീകരവാദ പ്രവർത്തനത്തിന് 20 വർഷത്തെ തടവ് ശിക്ഷ ലഭിക്കുകയും 13 വർഷം ജയിൽവാസം അനുഭവിക്കുകയും ചെയ്ത തീവ്രവാദിയാണ് റോയർ. ഇയാളെ വൈറ്റ് ഹൗസിന്റെ മതസ്വാതന്ത്ര്യ കമ്മീഷൻ ഉപദേശക സമിതിയിലേക്കാണ് ട്രംപ് ഭരണകൂടം നിയമിച്ചിരിക്കുന്നത്. ഉപദേശക സമിതിൽ നിയമിതനായ ഷെയ്ഖ് ഹംസ യൂസഫിന്റെയും ഭീകരവാദ ബന്ധം സംബന്ധിച്ച് എഫ് ബി ഐ രേഖകൾ നിലവിലുണ്ട്.

