ഇസ്ലാമാബാദ് : സൗദി അറേബ്യയ്ക്കായി തങ്ങൾ എത്ര ദൂരം വരെയും പോരാടുമെന്ന് പാകിസ്ഥാൻ സൈനിക വക്താവ് . സൗദിയോടുള്ള പാകിസ്ഥാന്റെ പ്രതിബദ്ധത നിരുപാധികമാണെന്നും പാകിസ്ഥാൻ സൈനിക വക്താവ് ലെഫ്റ്റനന്റ് ജനറൽ അഹമ്മദ് ഷെരീഫ് ചൗധരി അറബ് ന്യൂസിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. സൗദി അറേബ്യയും യെമനിലെ ഹൂത്തി വിമതരും തമ്മിലുള്ള സംഘർഷങ്ങൾ വർദ്ധിച്ചുവരുന്ന സാഹചര്യത്തിലാണ് അദ്ദേഹത്തിന്റെ പ്രസ്താവന.
“നയതന്ത്രപരമായും ശാരീരികമായും പാകിസ്ഥാൻ സൗദി അറേബ്യയ്ക്കൊപ്പം പൂർണ്ണമായും നിലകൊള്ളുന്നു. നമ്മുടെ സൗദി സഹോദരന്മാർ എന്ത് പറഞ്ഞാലും എന്ത് ആവശ്യപ്പെട്ടാലും ഏതറ്റം വരെയും ഞങ്ങൾ പോകും” ഷെരീഫ് ചൗധരി പറഞ്ഞു. സൗദി പ്രദേശത്ത് അടുത്തിടെ ഹൂത്തികൾ ആക്രമണം അഴിച്ചുവിടുകയും ചെങ്കടലിലെ തന്ത്രപ്രധാനമായ ബാബ് അൽ-മന്ദേബ് കടലിടുക്കിന്റെ നിയന്ത്രണം പിടിച്ചെടുക്കുകയും ചെയ്തിരുന്നു.
ഹൂത്തികൾക്ക് മുന്നിൽ സൗദി അറേബ്യ നിസ്സഹായരാണ് . മിസൈൽ ഇന്റർസെപ്റ്റർ സ്റ്റോക്ക് കുറഞ്ഞുവരുന്നതിനാൽ സഖ്യകക്ഷികളുടെ സഹായം തേടിയിട്ടുമുണ്ട്. പാകിസ്ഥാൻ, സൗദി അറേബ്യ , തുർക്കി എന്നിവർ ചേർന്ന് കഴിഞ്ഞ മാസം മക്ക സംയുക്ത പ്രതിരോധ കരാറിൽ ഒപ്പുവച്ചിരുന്നു. അതനുസരിച്ച് മൂന്ന് രാജ്യങ്ങളിൽ ഏതെങ്കിലും ഒന്നിനെതിരെയുള്ള ഏതൊരു സായുധ ആക്രമണവും എല്ലാവർക്കുമെതിരെയുള്ള ആക്രമണമായി കണക്കാക്കും.
മക്ക കരാർ പ്രകാരം ഹൂത്തി വിമതർക്കെതിരെ പാകിസ്ഥാൻ സൗദി അറേബ്യയെ സഹായിക്കുമോ എന്ന ചോദ്യങ്ങൾ ഉയർന്നുവരുന്ന സമയത്താണ് പാകിസ്ഥാൻ ജനറലിന്റെ ഈ അഭിപ്രായങ്ങൾ വന്നിരിക്കുന്നത്. പാകിസ്ഥാൻ സൗദിയെ സഹായിക്കാൻ പ്രതിജ്ഞാബദ്ധമാണെന്ന് മാത്രമല്ല, ഇസ്ലാമിന്റെ പുണ്യനഗരങ്ങളായ മക്ക, മദീന, സൗദി അറേബ്യ എന്നിവയെ സംരക്ഷിക്കാൻ തങ്ങൾ ഇതിനകം തന്നെ അവിടെയുണ്ട് എന്നും ചൗധരി പറഞ്ഞു.

